ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കരാര്‍ അനുസരിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് ഇരുരാജ്യങ്ങളും പരസ്പരം അനുമതി നല്‍കുന്നത്.

ദില്ലി: ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോയ തീര്‍ത്ഥാടകരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്ദ്യോഗസ്ഥര്‍ക്ക് വിലക്ക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ ഉദ്ദ്യോഗസ്ഥരെ തിരിച്ചയച്ചത്. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നയതന്ത്ര പ്രതിനിധികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കരാര്‍ അനുസരിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് ഇരുരാജ്യങ്ങളും പരസ്പരം അനുമതി നല്‍കുന്നത്. 1800ഓളം ഇന്ത്യക്കാരണ് ഇത്തവണ പാകിസ്ഥാനിലേക്ക് പോയത്. ഇവരെ കാണാന്‍ ഏപ്രില്‍ 12ന് വാഗാ റെയില്‍വെ സ്റ്റേഷനിലും 14ന് ഗുരുദ്വാരയിലും ഇന്ത്യന്‍ നയതന്ത്ര ഉദ്ദ്യോഗസ്ഥര്‍ എത്തിയിരുന്നെങ്കിലും രണ്ട് സ്ഥലത്ത് നിന്നും ഇവരെ മടക്കി അയക്കുയായിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അതേസമയം വിയന്ന കണ്‍വെന്‍ഷനിലെ ധാരണകള്‍ പാകിസ്ഥാന്‍ ലംഘിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.