കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് രാഷ്ട്രീയ റൈഫിള്‍സിലെ ജവാനായ ചന്ദു ബാബുലാല്‍ ചവാന്‍ അബദ്ധത്തില്‍ പാക്ക് അതിര്‍ത്തി കടന്നത്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ പാക് അധീന കശ്മിരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ വാര്‍ത്തയ്ക്കു തൊട്ടു പിന്നാലെയാണ് ജവാന്‍ പാക്കിസ്ഥാന്റെ പിടിയിലായെന്ന് വ്യക്തമാകുന്നത്. ചന്ദു ചവാന്‍ മിന്നലാക്രമണം നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നില്ലെന്നും ജോലിക്കിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്നതാണെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. 

ജവാന്റെ മോചനത്തിനായി ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ജവാനെ മോചിപ്പിക്കുന്നതായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ജവാനെ തിരികെയെത്തിക്കാന്‍ ശ്രമിച്ചതിനു നന്ദിയുണ്ടെന്ന് സഹോദരന്‍ പറഞ്ഞു.

മാനുഷിക പരിഗണന മൂലമാണ് ജവാനെ തിരിച്ചയക്കുന്നതെന്ന് പാക്കിസ്ഥാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.