ശ്രീനഗര്‍: ഭീകരവേട്ടയ്ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ പ്രദേശവാസികളുടെ കല്ലേറ്. കല്ലേറിനെത്തുടര്‍ന്ന് ഭീകര സാന്നിധ്യം ശക്തമായ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യം നടത്തിവന്ന തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആയിരത്തോളം സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് ഓപ്പറേഷനു വേണ്ടി നിയോഗിച്ചിരുന്നത്. ഷോപ്പിയാനില്‍വച്ച് ഭീകരാക്രമണത്തില്‍ വെടിയേറ്റ് വീരമൃത്യുവരിച്ചിരുന്നു.

ഷോപ്പിയാനിലെ എല്ലാ ഗ്രാമങ്ങളിലെയും വീടുകളില്‍ കയറിയിറങ്ങി തിരച്ചില്‍ നടത്താനാണ് സൈന്യം തീരുമാനിച്ചിരുന്നത്. ഷോപ്പിയാനിലെ സൈന്‍പോറ മേഖലയിലാണ് ശക്തമായ തിരച്ചില്‍ നടത്തിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താനായിരുന്നു നടപടി. ഇതിനിടെയാണ് കല്ലേറ് ഉണ്ടായത്. കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് എത്തിച്ചുവെങ്കിലും നടപടി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവുണ്ടാകുകയായിരുന്നു. 

നൗഷേരയില്‍ പാക്ക് ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പാക്കിസ്ഥാന്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ മേഖലയിലെ സ്‌കൂളുകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. 

കഴിഞ്ഞ ഏതാനും ദിവസമായി പാക്ക് സൈന്യം തുടര്‍ച്ചയായി ഇന്ത്യന്‍ സൈനിക ബങ്കറുകള്‍ക്ക് നേരെയും ജനവാസ മേഖലയ്ക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. 82 എംഎം, 120 എംഎം മോട്ടോര്‍ ഷെല്ലുകളും തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് 1700 പ്രദേശവാസികളെ ഇന്ത്യ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.സൈന