പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിലേക്ക്
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിലേക്ക്. ഇമ്രാൻ ഖാന്റെ തെഹ്‍രിക്--ഇ ഇൻസാഫ് പാകിസ്ഥാനിൽ മുന്നിലാണ്. ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത ഫലത്തില്‍ തെഹ‍്‍രീഖ് ഇ ഇൻസാഫ് പാർട്ടിയ്ക്ക് 272ൽ 118 സീറ്റ് ലഭിച്ചു. 58 സീറ്റുമായി നവാസ് ഷെരീഫിന്‍റെ പിഎംഎല്‍ പാർട്ടി രണ്ടാമതാണ്. ബിലാവൽ ഭൂട്ടോയുടെ പിപിപി 35 സീറ്റുമായി മൂന്നാമതും . സ്വതന്ത്രർ 17 സീറ്റുകളിൽ മുന്നിൽ നില്‍ക്കുന്നുണ്ട്. .
അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം നീളുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഫലപ്രഖ്യാപനം വൈകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുളളത്. ഇന്നലെ രാത്രി എട്ടു മണിക്കാണ് വോട്ടെണ്ണൽ തുടങ്ങിയത്. പുലർച്ചെ രണ്ടു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവരുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ട്.എന്നാല്‍ ഉച്ചയോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവൂ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചനയും ഇതാണ്.
അതിനിടെ വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നവാസ് ഷെരീഫിന്റെ പാർട്ടിയടക്കമുളളവർ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ തെരുവിലിറങ്ങാൻ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് പാർട്ടി അനുനായികളോട് ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രഖ്യാപനത്തിന് ശേഷം പ്രശ്നങ്ങള്‍ രൂക്ഷമാകുമെന്നാണ് വിവരം.
ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ–പഖ്തൂൺഖ്വ എന്നീ നാലു പ്രവിശ്യാ അസംബ്ലികളിലെ 577 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലെങ്കിലും ഇമ്രാന്‍ ഖാന് സൈന്യം നിര്‍ത്തിയ സ്വതന്ത്രരടക്കമുള്ളവരുടെ പിന്തുണയോടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് വിലിയിരുത്തല്‍. അതിനുള്ള ശ്രമങ്ങളും ഇമ്രാന്‍ ഖാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
