യുഡിഎഫ് അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതോടെ ക്ഷേമകാര്യസമിതി ബിജെപിക്ക് നഷ്ടമായിരുന്നു.
പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് പൊതുമരാമത്ത് സ്ഥിരം സമിതിക്കെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന്. യുഡിഎഫ് അവിശ്വാസ പ്രമേയത്തെ സിപിഎം പിന്തുണച്ചതോടെ ക്ഷേമകാര്യസമിതി ബിജെപിക്ക് നഷ്ടമായിരുന്നു.
അവിശ്വാസ പ്രമേയം പരിഗണിക്കുന്ന പൊതുമരാമത്ത് സ്ഥിരം സമിതിയില്‍ ബിജെപിക്ക് 4, യുഡിഎഫിന് 3, സിപിഎമ്മിന് 2 ഉം അംഗങ്ങളാണുള്ളത്. യുഡിഎഫ് പ്രമേയത്തിന് സിപിഎം പിന്‍തുണ തുടരും. എന്നാല്‍ ഇത് വിലപേശാനുള്ള നീക്കമെന്ന് ബിജെപി ആരോപിച്ചു.
ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേരാമെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കിയാണ് പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ ആഴ്ച നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ച ശ്രദ്ധേയമായത്. രണ്ട് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരെ നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ഒന്ന് പാസ്സാകുകയും, ഒന്ന് സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതിനാല്‍ തള്ളുകയുമായിരുന്നു. സിപിഎം പിന്‍തുണയുള്ളതിനാല്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയവും പാസ്സാകും.
അതേ സമയം ഘട്ടം ഘട്ടമായി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍ വില പേശാനുള്ള തന്ത്രമാണെന്നാണ് ബിജെപിയുടെ ആരോപണം. വരുന്ന 7 നാണ് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം. ഇതിനു ശേഷം മറ്റു സമിതികളിലേക്കും, തുടര്‍ന്ന് നഗരസഭ അധ്യക്ഷക്കും ഉപാധ്യക്ഷനുമെതിരായും അവിശ്വാസ പ്രമേയം അവതരിപ്പിക്കും.
