മദ്യ ലഹരിയിൽ ലോക്കപ്പിനുള്ളിൽ യുവാക്കളുടെ നഗ്നതാ പ്രദർശനം. കൊച്ചി പള്ളുരുത്തി സ്റ്റേഷനിലാണ് വനിതാ പോലീസുകാർ നോക്കി നിൽക്കേ യുവാക്കൾ അസഭ്യ വർഷത്തോടെ വസ്ത്രമുരിഞ്ഞത്. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ച് യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് ലോക്കപ്പിൽ അഴിഞ്ഞാടിയത്.

ഇന്നലെ രാത്രിയോടെ ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന് പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുമ്പടപ്പ് സ്വദേശി സുല്‍ഫിക്കർ എന്നിവരെ പള്ളുരുത്തി സ്റ്റേഷനിലെത്തിച്ചത്. മദ്യ ലഹരിയിലായ പ്രതികൾ സ്റ്റേഷനിലെത്തിയതോടെ അസഭ്യവര്‍ഷം ആരംഭിച്ചു. ലഹരിയുടെ ഉന്മാദത്തിൽ ലോക്കപ്പിനുള്ളിൽ വസ്ത്രങ്ങൾ ഉരിഞ്ഞ് നഗ്നതാ പ്രദർശനവും തുടങ്ങി. വനിതാപോലീസുകാർ നോക്കിനിൽക്കേയായിരുന്നു ഈ അഴിഞ്ഞാട്ടം. പ്രതികളോട് ശാന്തരകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ബഹളത്തിനൊടുവില്‍ ലോക്കപ്പിലെ പൈപ്പ് കണക്ഷനും ബക്കറ്റുമെല്ലാം നശിപ്പിക്കുകയും ചെയ്തു. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ച് യുവതിയെ മാനഭംഗപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സംഘം പോലീസ് പിടിയിലാവുന്നത്. ദമ്പതികളെ ആക്രമിച്ചതിനു പുറമേ പൊതുമുതല്‍ നശീകരണത്തിനും ഇവര്‍ക്കെതിരെ കേസെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു. യുവാക്കളില്‍ രണ്ടു പേര്‍ക്കെതിരെ ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്.