ഭോപ്പാല്‍: കൃഷി നശിപ്പിച്ച പശുക്കുട്ടിയെ പിതാവ് കൊന്ന കുറ്റത്തിന് എട്ടുവയസുകാരന് അഞ്ച് വയസുകാരിയെ വിവാഹം ചെയ്തുകൊടുക്കണമെന്ന് നാട്ടുകൂട്ടം. പശുക്കുട്ടിയെ കൊന്നയാളുടെ മകളെ എട്ട് വയസുകാരന് കെട്ടിച്ചുകൊടുക്കണമെന്നാണ് മധ്യപ്രദേശിലെ ഠര്‍പൂരിലെ നാട്ടുകൂട്ടത്തിന്റെ തീരുമാനം.

നാട്ടു കൂട്ടത്തിന്റെ തീരുമാനത്തിനെതിരെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് ജഗദീഷ് ബഞ്ചാര മൂന്നു വര്‍ഷം മുന്‍പ് ഒരു പശുക്കുട്ടിയെ കൊന്നിരുന്നു. തന്റെ പാടത്തുകയറി വിളകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് പശുകുട്ടിയെ ജഗദീഷ് കല്ലുകൊണ്ടിടിച്ച് ഓടിച്ചു. അടിയേറ്റ് പശുക്കുട്ടി പിന്നീട് ചത്തു.

ഇതോടെ നാട്ടുകൂട്ടം ചേര്‍ന്ന് ജഗദീഷിനെയും കുടുംബത്തെയും ഗ്രാമവാസികള്‍ ഒറ്റപ്പെടുത്തി. പിന്നീട് നാട്ടുകൂട്ടം കൂടി പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുകയായിരുന്നു. പശുകുട്ടിയ കൊന്നതിനുള്ള പ്രായശ്ചിത്തമായി വിവാഹം നടത്തുന്നതിനൊപ്പം ഗംഗയില്‍ സ്‌നാനം ചെയ്യുകയും ഗ്രാമത്തില്‍ ഭക്ഷണം വിതരണം ചെയ്യണമെന്നുമായിരുന്നു നാട്ടുകൂട്ടത്തിന്റെ വിധി.