കൊച്ചി: തെരുവ് നായ ശല്യം രൂക്ഷമായ എറണാകുളം ഞാറയ്ക്കലിൽ പത്തിലധികം നായ്ക്കളെ കൊന്നൊടുക്കി നാട്ടുകാരുടെ പ്രതിഷേധം. വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് 15-ാം വാർഡിലാണ് സംഭവം. സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. തെരുവ് നായ്കളുടെ ശല്യം ഇവിടെ രൂക്ഷമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. തെരുവ് നായകളെ നിയന്ത്രിക്കാൻ പഞ്ചായത്ത് ഒരു നടപടിയുമെടുത്തില്ല. ഇതോടെ സിപിഎം പ്രതിനിധിയായ പഞ്ചായത്ത് അംഗം മിനി രാജു പാർടി പ്രവർത്തകർക്കൊപ്പം തെരുവ്നായ ഉൻമൂലനത്തിന് നേരിട്ടിറങ്ങുകയായിരുന്നു.
സ്ട്രേഡോഗ് മൂവ് മെന്റ് നേതാവ് ജോസ് മാവേലിയുടെ സഹായത്തോടെ നായ്ക്കളെ കുരുക്കിട്ട് പിടിച്ച് കൊന്നൊടുക്കുകയായിരുന്നു.നിയമനടപടി നേരിടാൻ താൻ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു പഞ്ചായത്ത് അംഗത്തിന്റെ നീക്കം. തങ്ങൾക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പിന്നീട് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെത്തി.
ചത്ത നായ്ക്കളെ പെട്ടി ഓട്ടോയിലാക്കിയായിരുന്നു സംഘം സ്റ്റേഷനിലെത്തിയത്. ഇതോടെ പുലിവാല് പിടിച്ച പോലീസ് നാട്ടുകാരെ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു.
