ഭര്‍ത്താവിന് സംശയം, ഭാര്യയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കാന്‍ ശിക്ഷ വിധിച്ച് പഞ്ചായത്ത്

First Published 23, Mar 2018, 10:01 AM IST
panchayath punishes women for husbands doubt
Highlights
  • ഭര്‍ത്താവിന് സംശയം, ഭാര്യയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കാന്‍ ശിക്ഷ വിധിച്ച് പഞ്ചായത്ത്
  • പൊതുജനമധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു

ലഖ്നൗ: ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം ഭര്‍ത്താവിന്റെ പരാതിയില്‍ പഞ്ചായത്ത് വിധിച്ച അതിഭീകര ശിക്ഷ. മരത്തില്‍ കൈ രണ്ടും കെട്ടിയിട്ട് പൊതുജനമധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. 

നൂറിലധികം വരുന്ന ആളുകള്‍ക്ക് നടുവില്‍ വച്ചാണ് ക്രൂരമായ ശിക്ഷ. രാജ്യ തലസ്ഥാനമായ ദില്ലിയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെയാണ് സംഭവം നടക്കുന്നത്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷര്‍ ഗ്രാമത്തിലെ പഞ്ചായത്താണ് ഭര്‍ത്താവിന്റെ സംശയത്തിലായ ഭാര്യയ്ക്ക് ക്രൂരമായ ശിക്ഷ വിധിച്ചത്. ശിക്ഷ കാണാന്‍ എത്തിയ ആളുകളില്‍ ഒരാള്‍ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. 

ചുറ്റും കൂടിയ ആളുകളില്‍ ഒരാള്‍ പോലും ശിക്ഷാനടപടിയ്ക്ക് എതിരായി സംസാരിക്കുകയോ മര്‍ദ്ദനം ചെറുക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ് സ്ത്രീ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വേദന സഹിക്കാനാവാതെ സ്ത്രീ നിലവിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ബോധം നശിച്ച് സ്ത്രീ വീഴുന്നത് വരെ മര്‍ദ്ദിക്കാനായിരുന്നു ശിക്ഷ. 

സ്ത്രീയുടെ ഭര്‍ത്താവ് തന്നെയാണ് ഖാട്ട് പഞ്ചായത്തിന്റെ നിര്‍ദ്ദേശാനുസരണം മര്‍ദ്ദിക്കുന്നത്. സൈക്കിള്‍ ട്യൂബ് കൊണ്ടായിരുന്നു മണിക്കൂറുകള്‍ നീളുന്ന പീഡനം. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് കേസ് എടുത്തു. ഭര്‍ത്താവും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. 

loader