മംഗലാപുരത്ത് നിന്ന് മലപ്പുറത്തേക്ക് കാറില്‍ കൊണ്ടുവരികയായിരുന്ന 135 കിലോ പുകയില ഉത്പന്നങ്ങള്‍ കാസര്‍ഗോഡ് വച്ച് പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


കാസര്‍ഗോഡ് സ്വദേശികളായ ജുനൈദ്,അനസ് എന്നിവരാണ് പിടിയിലായത്.രാവിലെ ഏഴുമണിയോടെ ബീച്ചിനു സമീപത്തുവച്ചാണ് പൊലീസ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്.കാറിന്‍റെ ഡിക്കിയിലും പിന്‍ സീറ്റിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിക്കപെട്ട പുകയില ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.ഏഴായിരത്തിയഞ്ഞൂറ് പാക്കറ്റുകളിലാക്കി മലപ്പുറം എടപ്പാളിലെ ചില്ലറ വില്‍പ്പന കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു ഇതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

കര്‍ണ്ണാടകയില്‍ നിന്ന് ഏറെക്കാലമായി വന്‍തോതിലാണ് നിരോധിത പുകയിലെ ഉദ്പ്പന്നങ്ങള്‍ കാസര്‍ഗോഡ് വഴി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എത്തുന്നത്.മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും ഇടയില്‍ ഈ നിയമവിരുദ്ധ കച്ചവടത്തിന് ഇടനിലക്കാരുമുണ്ട്.ഇപ്പോള്‍ പിടിയിലായ ജുനൈദും അനസും ഇത്തരത്തിലുള്ള ഇടനിലക്കാരാണ്.