ആണ്‍കുട്ടികളെ സുഹൃത്തുക്കളാക്കാതിരുന്നാല്‍ അവര്‍ക്കെതിരെയുള്ള അതിക്രമം കുറയും

ദില്ല: പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ സുഹൃത്തുക്കളാക്കരുതെന്ന് ബിജെപി നേതാവ് പന്നലാല്‍ ശക്യ. എന്തിനാണ് പെണ്‍കുട്ടികള്‍ക്ക് ആണ്‍സുഹൃത്തുക്കള്‍. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ സുഹൃത്തുക്കളാക്കരുത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കും.ഗുണ ഗവണ്‍മെന്‍റ് കോളേജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശക്യ.

എന്നാല്‍ ആണ്‍കുട്ടികളെ ഉപദേശിക്കാനും ഇയാള്‍ മറന്നില്ല.പെണ്‍കുട്ടികളെ സുഹൃത്തുക്കളാക്കുന്നത് പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ ഭാഗമാണെന്നും അതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നുമാണ് ശക്യ ആണ്‍കുട്ടികളോട് ആവശ്യപ്പെട്ടത്. ശക്യയുടെ പ്രസ്താവനക്ക് വിമര്‍ശനവുമായി പലരും ട്വിറ്ററില്‍ ഇതിനോടകം എത്തി. മറ്റൊരു പ്രസ്താവനയിലുടെ കഴിഞ്ഞ ഡിസംബറില്‍ ശക്യ വിവാദം സൃഷ്ടിച്ചിരുന്നു. 

ഇറ്റലിയില്‍ നിന്ന് വിവാഹതിനായ വിരാട് കോഹ്‍ലിക്ക് രാജ്യസ്നേഹം ഇല്ലെന്നായിരുന്നു ശക്യ പറഞ്ഞത്. വിരാട് കോഹ്‍ലിക്ക് യൂത്ത് ഐക്കണ്‍ ആവാന്‍ അര്‍ഹതയില്ല.രാമനും കൃഷ്ണനും സ്വന്തം രാജ്യത്ത് നിന്നാണ് വിവാഹിതരായത്. ആരും മറ്റൊരു വിദേശരാജ്യത്തേക്ക് വിവാഹിതരാകാന്‍ പോയിട്ടില്ല. ഇവിടെ നിന്ന് പണം സമ്പാദിച്ചിട്ട് അവിടെ ബില്ല്യണ്‍ ചെലവാക്കി. സ്വന്തം രാജ്യത്തെ വിരാട് ബഹുമാനിക്കുന്നു പോലുമില്ലെന്നായിരുന്നു ശക്യയുടെ വിവാദ പ്രസ്താവന.