ദില്ലി: കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി രാജ്യസഭ എംപി ആര്‍ കെ സിന്‍ഹ എന്നിവരുള്‍പ്പെടെ കള്ളപ്പണ നിക്ഷേപകരായ 714 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് ഇന്‍ര്‍നാഷണല്‍ കണ്‍സോഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്. ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും(ഐസിഐജെ) 96 മാധ്യമ സ്ഥാപനങ്ങളും സംയുക്തമായാണ് അന്വേഷണം നടത്തിയത്.
ഇന്ത്യക്കാരില്‍ വിജയ് മല്യ, അമിതാഭ് ബച്ചന്‍, നീര റാഡിയ, മന്യത ദത്ത് എന്നിവരും ഏയര്‍സെല്‍ മാക്സസ്, സണ്‍ടിവി, രാജസ്ഥാന്‍ അംബുലന്‍സ്, എസ്സാര്‍- ലൂപ്, എസ്എന്‍സി ലാവ്‌ലിന്‍, സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ് എന്നീ കമ്പനികളുമുണ്ട്. ഇന്ത്യക്കാരുമായി ബന്ധപ്പെട്ട 66,000ത്തിലധികം രേഖകള്‍ ലഭ്യമായി എന്നാണ് ഐസിഐജെ അവകാശപ്പെടുന്നത്. ഐസിഐജെയില്‍ അംഗമായ ദി ഇന്ത്യന്‍ എക്‌സ്‌പ്രസാണ് ഇന്ത്യക്കാരുടെ വിവരങ്ങള്‍ അന്വേഷിച്ചത്.
ജയന്ത് സിന്‍ഹ മാനേജിംഗ് ഡയറക്ടറായിരുന്ന ഒമിഡ്‌യാര്‍ നെറ്റ്‌വര്‍ക്ക് അമേരിക്കന്‍ കമ്പനിയായ ഡി ലൈറ്റ് ഡിസൈനില്‍ നടത്തിയ നിക്ഷേപങ്ങളാണ് മറനീക്കി പുറത്തായത്. കരീബിയന്‍ കടലിലെ കെയ്മനില്‍ ഈ കമ്പനിക്ക് നിക്ഷേപങ്ങളുണ്ട്. എന്നാല്‍ ജയന്ത് സിന്‍ഹ ഡി ലൈറ്റ് ഡിസൈനിന്‍റെ ഡയറക്‌ടറായിരുന്ന വിവരം ഇലക്ഷന്‍ കമ്മീഷനില്‍ നിന്ന് മറച്ചുവെച്ചതായി രേഖകള്‍ പറയുന്നു. പുറത്തായ ഇന്ത്യന്‍ പേരുകളില്‍ മിക്കതും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്‍റയും അന്വേഷണം നിലനില്‍ക്കുന്നവയാണ്.
പുറത്തുവന്ന 13.4 ദശലക്ഷം രഹസ്യ രേഖകളില്‍ മിക്കതും വിദേശ നിക്ഷേപകരുടെ അക്കൗണ്ടിംഗ് സ്ഥാപനമായ ആപ്പിള്‍ബൈയില്‍ നിന്ന് ചോര്‍ത്തിയവയാണ്. ആപ്പിള്‍ബൈ കൈകാര്യ ചെയ്യുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഇന്ത്യക്ക് രണ്ടം സ്ഥാനമുണ്ട്. 118 വിദേശ കമ്പനികളിലായാണ് നികുതി വെട്ടിച്ചുള്ള ഇന്ത്യക്കാരുടെ കള്ളപ്പണക്കാരുടെ നിക്ഷേപങ്ങളുള്ളത്. 80 രാജ്യങ്ങളിലെ പേരുവിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ വിദേശ നിക്ഷേപകരുടെ എണ്ണത്തില്‍ ഇന്ത്യ പത്തൊമ്പതാം സ്ഥാനത്താണ്.
അതേസമയം ലോകനേതാക്കന്‍മാര്‍ക്ക് ഇളക്കം തട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പാരഡൈസ് പേപ്പേഴ്‌സിലുണ്ട്. റഷ്യന്‍ സ്ഥാപനത്തിന് ട്വിറ്ററിലും ഫെയ്സ് ബുക്കിലുമുളള നിക്ഷേപവും, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ കുടുംബത്തേക്കുറിച്ചുമുള്ള വിവരങ്ങളും പുറത്തുവന്നവയിലുണ്ട്. ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരുടെ പേരുകളും പാരഡൈസ് പേപ്പറില്‍ പറയുന്നു.
119 വര്‍ഷത്തെ പഴക്കമുള്ള അപ്പിള്‍ബൈ കമ്പനി അഭിഭാഷകരും ബാങ്ക് ഉടമകളും അക്കൗണ്ടന്‍റുമാരും ഉള്‍പ്പെടുന്ന ആഗോള നെറ്റ്‌വര്‍ക്കാണ്. സമാനമായ രീതിയിലാണ് 2013ല്‍ ഓഫ്ഷോര്‍ ലീക്ക്‌സും 2015ല്‍ സ്വിസ് ലീക്ക്സും 2016ല്‍ പനാമ പേപ്പറുകളും പുറത്തുവന്നത്.
