ചെന്നൈ∙ ദരിദ്രരായ മാതാപിതാക്കൾ പണത്തിനായി നവജാത ശിശുവിനെ 1.80 ലക്ഷം രൂപയ്ക്കു വിറ്റു. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളും സിദ്ധ ഡോക്ടറുമുൾപ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തു. അരിയാളൂർ ജില്ലയിലെ മീൻസുരുട്ടി ഗ്രാമത്തിലാണു സംഭവം. കുഞ്ഞിനെ വിൽക്കുന്ന കാര്യം അടുത്ത ബന്ധുവിനെയാണ് ഇവർ ആദ്യം അറിയിച്ചത്.
ഇയാൾ വഴി സിദ്ധ ഡോക്ടറെ ബന്ധപ്പെട്ടു. മക്കളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ വിൽക്കാൻ ഇടനിലക്കാരനായത് സിദ്ധ ഡോക്ടറാണെന്നു പൊലീസ് പറഞ്ഞു. കുട്ടിയെ പ്രതിരോധ കുത്തിവയ്പിന് എത്തിക്കാത്തതിനെ തുടർന്നു ഗ്രാമത്തിലെ ആരോഗ്യ പ്രവർത്തക നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. ദമ്പതികളുടെ പരസ്പര വിരുദ്ധമായ മൊഴികളിൽ സംശയം തോന്നിയ ഇവർ ശിശു സംരക്ഷണ ഓഫിസറെയും കലക്ടറെയും വിവരമറിയിക്കുകയായിരുന്നു
