പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനത്തിന് ബഹളത്തോടെ തുടക്കം. ഗവര്‍ണ്ണര്‍മാരുടെ ഇടപെടലും ഗുജറാത്തില്‍ ഗോവധം ആരോപിച്ച് ദലിത് യുവാക്കളെ പീഡിപ്പിച്ചതും ഉന്നയിച്ചുള്ള പ്രതിപക്ഷ ബഹളം കാരണം രാജ്യസഭ ഒരുതവണ നിര്‍ത്തിവച്ചു. കേരളത്തില്‍ 21 പേര്‍ ഐഎസ് സ്വാധീനത്തില്‍ നാടുവിട്ടു എന്ന ആരോപണത്തെക്കുറിച്ച് എംബി രാജേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

വര്‍ഷകാല സമ്മേളനത്തിന്റ തുടക്കത്തില്‍ തന്നെ സഭയില്‍ കാറും കോളും പ്രകടമായി. രാജ്യപുരോഗതിക്ക് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് ഇരുസഭകളും ചേരുന്നതിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

കെ അനിരുദ്ധന്‍ ഉള്‍പ്പടെ അന്തരിച്ച നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ ഉത്തരാഖണ്ടിലെ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള വിജ്ഞാപനം മേശപ്പുറത്ത് വച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചു. ഗുജറാത്തില്‍ ഗോവധം ആരോപിച്ചു ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച വിഷയം ഉന്നയിച്ച് മായാവതിയുടെ ബിഎസ്‌പിയുടെ എംപിമാര്‍ നടുത്തളത്തിലേക്ക് നീങ്ങിയതോടെ സഭാ നടപടികള്‍ ഒരു തവണ നിര്‍ത്തി വച്ചു. കേരളത്തില്‍ 21 പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനത്തില്‍ നാടുവിട്ടു എന്ന റിപ്പോര്‍ട്ടുകളും പാര്‍‍ലമെന്റിന്റെ ശ്രദ്ധയിലേക്ക് വരികയാണ്. മറ്റുവിഷയങ്ങള്‍ മാറ്റിവച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് എംബി രാജേഷിന്റെ നോട്ടീസ്.

ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് എംപിമാരുടെ യോഗം തീരുമാനിച്ചു. ചരക്കുസേവന നികുതി ബില്ലില്‍ കോണ്‍ഗ്രസിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.