ബിജെപി ഇതര സര്‍ക്കാറുകളുടേതടക്കം പല സംസ്ഥാനങ്ങളുടെയും പിന്തുണ ജി.എസ്.ടിക്ക് ഉണ്ടെന്നും അതുകൊണ്ടുതന്നെ ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയുമെന്നും ഗഡ്കരി പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ചരക്ക് സേവന നികുതി ബില്‍ പാസാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മൂലം നടക്കുന്നില്ല. ഇപ്പോള്‍ സി.പി.ഐ.എമ്മിന്റേതടക്കം പല പ്രതിപക്ഷ പാര്‍ട്ടികളുടെയും എതിര്‍പ്പ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പാസാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

ജി.എസ്.ടി ബില്‍ പാസാക്കുന്നതിന് കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയിട്ടുണ്ടെന്ന സൂചനയാണ് ഗഡ്കരിയുടെ വാക്കുകള്‍ നല്‍കുന്നത്. വെങ്കയ്യ നായിഡുവിനെ മാറ്റി അനന്ത്കുമാറിനെ പാര്‍ലമെന്ററി കാര്യത്തിലേക്ക് കൊണ്ടുവന്നതും ജി.എസ്.ടി ബില്‍ ലക്ഷ്യമിട്ടാണ്. 18ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലെ ചൂടേറിയ വിഷയമായിരിക്കും ചരക്ക് സേവന നികുതി ബില്‍.