എന്നാല്‍ കഴിയുന്നത്ര നേരത്തെ വിമാനം എത്തിക്കണമെന്ന് പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 23നാണ് 7.87 ബില്യന്റെ (ഏകദേശം 29,000 കോടി ഇന്ത്യന്‍ രൂപ) കരാര്‍ റാഫേല്‍ വിമാനക്കമ്പനിയുമായി ഉണ്ടാക്കിയത്. മിസൈലുകള്‍ അടക്കമുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളില്‍ ഇന്ത്യ പ്രത്യേകമായി ആവശ്യപ്പെട്ട മറ്റ് സംവിധാനങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും ഇന്ത്യക്ക് കൈമാറുക. പാകിസ്ഥാനും ചൈനയും ഇന്ത്യന്‍ സുരക്ഷക്ക് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ലഭിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാവും. കരാര്‍ ഒപ്പിട്ട് 36 മാസങ്ങള്‍ക്കുള്ളില്‍ ആദ്യ വിമാനം ഇന്ത്യക്ക് കൈമാറാമെന്നും തുടര്‍ന്ന് 66 മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വിമാനവും നല്‍കാമെന്നുമാണ് കരാര്‍.