വളർത്തുമൃഗങ്ങളെ അരുമകളെ പ്പോലെ സ്നേഹിക്കുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. അക്കൂട്ടരിൽ നിന്ന് വ്യത്യസ്‍തനാണ് തമിഴ്‍നാട്ടുകാരൻ ശേഖർ.

ഭക്ഷണമൊരുക്കിയ ഇടത്ത് നിരന്നിരുന്ന് കൊത്തിപ്പിറക്കുന്ന തത്തക്കൂട്ടങ്ങൾ. ഈ കൗതുക കാഴ്‍‌ച ഏതെങ്കിലും പക്ഷി സങ്കേതത്തിനെ കുറിച്ചാണ് തെറ്റിദ്ധരിക്കരുത്. ചെന്നൈ നഗരത്തിലെ ഒരു തെരുവിന്റെ ടെറസിലെ കാഴ്‍ചയെ കുറിച്ചാണ് പറയുന്നത്. 'പക്ഷി മനുഷ്യൻ' എന്ന് വിളിപ്പേരുള്ള ക്യാമറ മെക്കാനിക്ക് ശേഖറിനെ തേടിയെത്തുന്നതാണ് ഈ തത്തകൾ. ദിവസം രണ്ട് നേരം ഇവിടെ പറന്നെത്തിയാൽ വയറു നിറയെ അരിയും ധാന്യങ്ങളും കഴിക്കാം. കഴിഞ്ഞ 14 വർഷമായി തുടരുന്ന പതിവ്, ശേഖർ ഒരു ദിവസം പോലും തെറ്റിച്ചിട്ടില്ല.

ടെറസിൽ പക്ഷികൾക്കായി അൽപ്പം വെള്ളം കരുതുന്ന പതിവ് ചെറുപ്പം മുതലേ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ, 2004ലെ സുനാമിക്ക് തൊട്ടുപിന്നാലെ, ഒരു ദിവസം കുറച്ച് തത്തകൾ ടെറസിൽ വിരുന്നെത്തി. അവയ്‍ക്ക് വയറ് നിറയെ ഭക്ഷണം നൽകി. പിന്നെ വിരുന്നുകാരുടെ എണ്ണം കൂടി. ഇന്ന് ഏകദേശം 4000 തത്തകൾ പ്രതിദിനം എത്തുന്നുണ്ടെന്നാണ് ശേഖറിന്‍റെ കണക്ക്. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് അരിവേവിക്കണം. ആറ് മണിക്ക് വിരുന്നുകാരെത്തുമ്പോഴേക്ക് ഭക്ഷണം തയ്യാർ.

ഓരോ ദിവസവും 60 കിലോ അരിയെങ്കിലും വേണ്ടിവരും. 500 രൂപയോളം വരും പ്രതിദിന ചെലവ്. വരുമാനത്തിന്റെ 40 ശതമാനവും ഇങ്ങനെ പോകുന്നു. എങ്കിലും, ദൗത്യത്തിൽ നിന്ന് പിന്മാറാൻ ഈ 55കാരൻ തയ്യാറല്ല.

ടെറസിൽ നിരന്നിരുന്ന് ഭക്ഷണം കഴിക്കുന്ന ശേഖറിന്റെ തത്തക്കൂട്ടങ്ങളെ കാണാൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകളെത്തുന്നുണ്ട്.