'രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ ബെഡ് റൂമിന്റെ വാതില്‍ തുറന്നിട്ട ശേഷം മാത്രം ഉറങ്ങിയാല്‍ മതിയെന്നാണ് പൊലീസ് പറഞ്ഞത്. രാവിലെ ഉണരുന്നത് തന്നെ ഒരു പറ്റം പൊലീസുകാരെ കണ്ടുകൊണ്ടാണ്'
ദില്ലി: പൊലീസിനെതിരെ ആരോപണവുമായി മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായി, വീട്ടുതടങ്കലില്‍ തുടരുന്ന ആക്ടിവിസ്റ്റ് ഗൗതം നവലേഖയുടെ പങ്കാളിയായ സഭ ഹുസൈന്‍. വീട്ടനകത്ത് പോലുമുള്ള പൊലീസിന്റെ കാവല്‍ വലിയ രീതിയില്‍ മാനസിക വിഷമതകളുണ്ടാക്കുന്നുവെന്നാണ് സഭ പറയുന്നത്.
'രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ ബെഡ് റൂമിന്റെ വാതില്‍ തുറന്നിട്ട ശേഷം മാത്രം ഉറങ്ങിയാല്‍ മതിയെന്നാണ് പൊലീസ് പറഞ്ഞത്. ഇത് കേട്ടയുടന്‍ ഞാന്‍ രൂക്ഷമായി പ്രതികരിച്ചു. രാവിലെ ഉണരുന്നത് തന്നെ ഒരു പറ്റം പൊലീസുകാരെ കണ്ടുകൊണ്ടാണ്. ഞങ്ങളെന്ത് ചെയ്താലും, വീട്ടിനകത്ത് എവിടെയെല്ലാം നീങ്ങിയാലും പിറകെ അവരുണ്ടാകും. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒന്നും കാണാന്‍ കഴിയില്ല. എനിക്ക് തനിയെ പുറത്തുപോകാന്‍ മനസ്സനുവദിക്കുന്നുമില്ല'- സഭ പറഞ്ഞു.
നെഹ്‌റു എന്‍ക്ലേവിലുള്ള വീട്ടിലാണ് ഗൗതം നവലേഖയും സഭയും ഇപ്പോഴുള്ളത്. ഈ വീടും പരിസരവുമെല്ലാം കനത്ത പൊലീസ് കാവലിലാണുള്ളത്. അതേസമയം എന്ത് വന്നാലും അതെല്ലാം നേരിടാന്‍ ഗൗതം തയ്യാറാണെന്നും സഭ അറിയിച്ചു.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് അഞ്ച് ആക്ടിവിസ്റ്റുകളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗൗതം നവലേഖയ്ക്ക് പുറമേ, അഭിഭാഷക സുധാ ഭരദ്വാജ്, സാമൂഹ്യപ്രവര്‍ത്തകനായ അരുണ്‍ ഫേരേരി, എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ വരവര റാവു, വെര്‍ണോന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റ് ചെയ്ത എല്ലാവരെയും വീട്ടുതടങ്കലിലാക്കാന്‍ സുപ്രീംകോടതിയാണ് നിര്‍ദേശിച്ചത്.
