വി.എസ് അച്ചുതാനന്ദന്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാന സമിതിയില്‍ പ്രസംഗിക്കാന്‍ വി.എസിന് കേന്ദ്രകമ്മിറ്റി അനുവാദം നല്‍കിയത്. അദ്ദേഹം ഇനി എല്ലാം പാര്‍ട്ടി വേദിയില്‍ പറയും. പുറത്തൊന്നും പറയരുതെന്ന് ഇതിനര്‍ത്ഥമില്ലേ എന്ന ചോദ്യത്തോട് പാര്‍ട്ടി സെക്രട്ടറിയായ താനടക്കം ആരും പാര്‍ട്ടിക്കെതിരെ പുറത്ത് പറയാന്‍ പാടില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി.

അടുത്ത കേന്ദ്രമകമ്മിറ്റി യോഗത്തിന് മുന്‍പ് ബന്ധുനിയമന വിവാദത്തില്‍ സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട് നല്‍കും. ഇതനുസരിച്ചുള്ള തീരുമാനം പാര്‍ട്ടി കേന്ദ്രകമ്മിറ്റി എടുക്കും. എം.ടി വാസുദേവന്‍നായരടക്കമുള്ള എഴുത്തുകാര്‍ക്കും സാംസ്കാരിക നായകര്‍ക്കുമെതിരെ ബി.ജെ.പിയുടെ എതിര്‍പ്പ് വളര്‍ന്നു വരികയാണ്. വെല്ലുവിളിയായി ഏറ്റെടുത്ത് പാര്‍ട്ടി ഇത് ചെറുക്കും. സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. സെക്രട്ടേറിയറ്റിലെ സി.പി.എം അനുകൂല സംഘടന ഐ.എ.എസ് അസോസിയേഷനെതിരെ നോട്ടീസിറക്കിയതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും കോടിയേരി പറഞ്ഞു.