ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകള്‍ ശ്വാസം മുട്ടിച്ച് വിമാനത്തില്‍നിന്ന് ഇറക്കി വിടാന്‍ ശ്രമം എയര്‍ ഏഷ്യയ്ക്കെതിരെ യാത്രക്കാര്‍
കൊല്ക്കത്ത: എയര് ഏഷ്യ വിമാനത്തില് യാത്ര ചെയ്യാനെത്തിയവര്ക്ക് ലഭിച്ചത് ജീവനക്കാരില്നിന്ന് മോശം പെരുമാറ്റവും മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പുമെന്ന് പരാതി. തീര്ത്തും മോശം പെരുമാറ്റമായിരുന്നു ജീവനക്കാരില്നിന്ന് നേരിട്ടതെന്ന് ഇന്ത്യന് ഓയില് കോര്പ്പറേഷന് എക്സിക്യൂട്ടീവ് ഡിറക്ടര് ദിപങ്കര് റായ് പറഞ്ഞു. കൊല്ക്കത്തയില്നിന്ന് ബഗ്ദോഗ്രയിലേക്കുള്ള എയര് ഏഷ്യ വിമാനത്തിലായിരുന്നു സംഭവം.
''രാവിലെ 9 മണിയ്ക്ക് പുറപ്പെടുമെന്ന് അറിയിച്ച വിമാനം തുടക്കത്തില് 30 മിനുട്ട് വൈകി. ബോഡിംഗിന് ശേഷം ഞങ്ങള് ഒന്നര മണിക്കൂര് വിമാനത്തിനുള്ളില് യാത്രക്കായി കാത്തിരുന്നു. ഈ നേരമത്രയും യാത്രക്കാര്ക്ക് ഭക്ഷണമോ വെള്ളമോ നല്കാന് ജീവനക്കാര് തയ്യാറായില്ല'' - ദിപങ്കര് പറഞ്ഞു.
മണിക്കൂറുകള്ക്ക് ശേഷം ഫ്ലൈറ്റ് ക്യാപ്റ്റന് എല്ലാവരോടും വിമാനത്തില്നിന്ന് ഇറങ്ങാന് ആവശ്യപ്പെട്ടു. യാതൊരു കാരണവും പറയാതെയാണ് തങ്ങളോട് ഇറങ്ങിപ്പോകാന് ആവശ്യപ്പെട്ടത്. എന്നാല് യാത്രക്കാര് ഇറങ്ങാന് തയ്യാറായില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാര് എസി പൂര്ണ്ണമായും തുറക്കുകയായിരുന്നു. ഇതോടെ യാത്രക്കാരായ സ്ത്രീകള് ഛര്ദ്ദിക്കാനും കുട്ടികള് കരയാനും തുടങ്ങിയെന്നും ദിപങ്കര് പറഞ്ഞു. ഫുഡ് കോര്ട്ടിലെത്തിയ തങ്ങള്ക്ക് കയ്യില്നിന്ന് പണം നല്കി ഭക്ഷണം കഴിക്കേണ്ടി വന്നു. പിന്നീട് വീണ്ടും വിമാനത്തിലെത്തിയ തങ്ങള്ക്ക് ആകെ നല്കിയത് ഒരു സാന്വിച്ചും 250 എംഎല് വെളളവുമാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ദിപങ്ക് വ്യക്തമാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങള് ദിപങ്കര് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില് അപ്ലോഡ് ചെയ്തു. എസി ബ്ലോവര് ഓഫ് ചെയ്യാനാവശ്യപ്പെട്ട് യാത്രക്കാര് ജീവനക്കാരോട് തര്ക്കിക്കുന്നത് ദൃശ്യങ്ങളില് കാണാം. ചില സാങ്കേതിക കാരണങ്ങളാല് കൊല്ക്കത്തയില്നിന്ന് ബഗ്ദോഗ്രയിലേക്കുള്ള എയര് ഏഷ്യ വിമാനം നാലര മണിക്കൂര് വൈകിയെന്നത് പ്രസ്താവനയില് കമ്പനി സമ്മതിച്ചു. അതേസമയം ആളുകള്ക്ക് നേരിട്ട ബുദ്ധിമുട്ടില് ഖേദം പ്രകടിപ്പിച്ച അധികൃതര് യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്കരുതല് നല്കുന്നതെന്നും വ്യക്തമാക്കി. എന്നാല് എയര്കണ്ടീഷണര് ഇത്തരത്തില് പ്രവര്ത്തിക്കുന്നത് സ്വാഭാവികമാണെന്നും കമ്പനി പറഞ്ഞു.
