ഏകദേശം 100 കിലോമീറ്റർ കഴിഞ്ഞപ്പോൾ സോമശേഖറിനോട് പണം ആവശ്യപ്പെട്ട ശേഷം ഫോൺ തട്ടിയൊടുത്ത് ഭാര്യയെ വിളിക്കുകയും  അയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ബെംഗളുരു: ഒാട്ടം വിളിച്ച നാലംഗ സംഘം ഒല കാർ ഡ്രൈവറെ തട്ടികൊണ്ടു പോയതായി പരാതി. ബെംഗളൂരുവിലാണ് സംഭവം. അഡുഗോഡിയില്‍ നിന്ന് ദൊമ്മസാന്ദ്രയിലേക്ക് ഒാട്ടം പോകവെയാണ് കാർ ഡ്രൈവറായ സോമശേഖറിനെ സംഘം തട്ടികൊണ്ട് പോയത്. ബന്ദിയാക്കി ഒരു ലോഡ്ജില്‍ പാര്‍പ്പിച്ചിരുന്ന സോമശേഖര്‍ ടോയ്ലെറ്റ് ജനാല തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.

രക്ഷപ്പെട്ട സോമശേഖര്‍ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയെ കൊണ്ട് വസ്ത്രം അഴിപ്പിച്ച് പൂര്‍ണ നഗ്‌നയായി വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെടുകയും അതിന്‍റെ സ്ക്രീന്‍ എടുക്കുകയും ചെയ്തു. അതുമായാണ് സംഘം സ്ഥലം വിട്ടതെന്നും സോമശേഖർ നൽകിയ പരാതിയിൽ പറയുന്നു. 

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് നാലംഗ സംഘം തന്റെ കാറിൽ കയറിയത്. ശേഷം 10.30ഓടു കൂടി അവര്‍ പറഞ്ഞ സ്ഥലത്ത് എത്തി. എന്നാൽ വണ്ടിയിൽ നിന്ന് ഇറങ്ങാൻ അവർ കൂട്ടാക്കിയില്ല. തങ്ങൾക്ക് വീട്ടിലേക്ക് പോകണമെന്നും വണ്ടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് കുറച്ച് ദൂരം ചെന്ന ശേഷം സംഘം തന്നെ മർദ്ദിച്ചുവെന്നും താക്കോൽ പിടിച്ച് വാങ്ങി സംഘത്തിലൊരാൾ വണ്ടിയോടിച്ചുവെന്നും സോമശേഖര്‍ കൂട്ടിച്ചേർത്തു.

കൂടാതെ സുഹൃത്തുക്കളെ വിളിച്ച് കൂടുതല്‍ പണം അയച്ചു തരാന്‍ അവര്‍ നിര്‍ബന്ധിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഏകദേശം 100 കിലോമീറ്റർ കഴിഞ്ഞപ്പോൾ സോമശേഖറിനോട് പണം ആവശ്യപ്പെട്ട ശേഷം ഫോൺ തട്ടിയൊടുത്ത് ഭാര്യയെ വിളിക്കുകയും അയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.