അപകടത്തില്‍പ്പെട്ട സ്ത്രീകളുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ സുഭാഷ് ചന്ദ്ര മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 

ഭോപ്പാല്‍: അപകടത്തില്‍പ്പെട്ട യുവതിയെ ചികിത്സിക്കാന്‍ പട്ടികവര്‍ഗ വിഭാഗക്കാരനായ ഡോക്ടര്‍ വേണ്ടന്നും മേല്‍ജാതിക്കാരന്‍ തന്നെ വരണമെന്നും ബന്ധുക്കള്‍. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച രണ്ട് സ്ത്രീകളുടെ ബന്ധുക്കളാണ് ഈ ആവശ്യം ഉന്നയിച്ച് ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. 

അപകടത്തില്‍പ്പെട്ട സ്ത്രീകളുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ സുഭാഷ് ചന്ദ്ര മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് അപകടത്തില്‍ പരുക്കേറ്റ രണ്ട് സ്ത്രീകളുമായി ബന്ധുക്കളും പരിചയക്കാരും അടങ്ങുന്ന പന്ത്രണ്ടംഗ സംഘം എത്തിയത്. 

ഡ്യട്ടിയിലുണ്ടായിരുന്ന ഡോ. ഗീതേഷ് രത്രേ ഉടന്‍ ചികിത്സ തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ചികിത്സ തുടങ്ങുന്നതിന് മുമ്പ് രോഗിയുടെ ഡോക്ടറുടെ പേരും ജാതിയും അറിയണമെന്നായി ബന്ധുക്കള്‍. താന്‍ എസ്.ടി വിഭാഗക്കാരനാണെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ഇയാള്‍ ചികിത്സിക്കേണ്ടന്നും മേല്‍ജാതിക്കാരന്‍ വരണമെന്നുമായി ബന്ധുക്കളുടെ ആവശ്യം. 

ഇതേതുടര്‍ന്ന് ഡോക്ടറും രോഗികള്‍ക്കൊപ്പം എത്തിയ ബന്ധുക്കളും തമ്മില്‍ തര്‍ക്കമാവുകയും ഡോക്ടറെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പരുക്കേറ്റവരുമായി ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിലേക്ക് പോയി. ഡോക്ടറുടെ പരാതിയില്‍ പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരവും ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ചതിന് മറ്റ് വകുപ്പുകള്‍ പ്രകാരവും പോലീസ് കേസെടുത്തു.