2006 ന് ശേഷം ഇതാദ്യമായാണ് പാലത്തിന് മുകളിലേക്ക് വെള്ളം കയറുന്നത്
പാലക്കാട്: മഴ ശക്തമായതോടെ പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു. ഭാരതപ്പുഴ കരകവിഞ്ഞതോടെ പാലത്തിന് മുകളിലേക്ക് വെള്ളം കയറിയതോടെയാണ് ഈ റൂട്ടിലൂടെയുള്ള ഗതാഗതം നിര്‍ത്തി വച്ചത്. 2006 ന് ശേഷം ആദ്യമായാണ് പാലത്തിന് മുകളിലേക്ക് വെള്ളം കയറുന്നത്. പാലത്തിന്‍റെ കൈവരികള്‍ ഒലിച്ചുപോയി. തൃത്താല മേഖലയും പ്രളയത്തിലാണ്.
ആലത്തൂർ വീഴുമലയിലും മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ഉരുൾ പൊട്ടി, 15 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വടക്കഞ്ചേരിയിലും അട്ടപ്പാടി ചുരത്തിലും മണ്ണിടിഞ്ഞു. മംഗലം, പോത്തുണ്ടി, ആളിയാർ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്ന് വിടും. കാഞ്ഞിരപ്പുഴ ചിറയ്ക്കലിൽ വെള്ളം കയറിയതോടെ വീടുകൾ ഒറ്റപ്പെട്ടു.
ഭവാനി പുഴ കരകവിഞ്ഞ് അട്ടപ്പാടിയിലും വെള്ളം കയറി. ചെമ്മണ്ണൂരിലെ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കുന്തിപ്പുഴ കരകവിഞ്ഞതോടെ മണ്ണാർക്കാട്ട് ഗതാഗത തടസ്സപ്പെട്ടു. മൂന്നു പാലങ്ങൾ വെള്ളത്തിലായതോടെ നെന്മാറ അയിലൂർ പ്രദേശവും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
