കണ്ണൂര്‍: ബിജു വധത്തിനു പിന്നാലെ കണ്ണൂരില്‍ സോഷ്യല്‍ മീഡിയകളില്‍ നിയന്ത്രണമില്ലാതെ തുടരുന്ന പോര്‍വിളികള്‍ പൊലീസിനും രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കും ഒരുപോലെ വെല്ലുവിളിയാവുകയാണ്. തുടര്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും വിധത്തിലാണ് പ്രാദേശിക ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ക്കിടെ എടുത്ത സുപ്രധാന തീരുമാനമാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നത്.
പയ്യന്നൂരിലെയും സമീപപ്രദേശങ്ങളിലെയും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഒരാഴ്ചയായി വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റുകളാണിത്... പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട അന്നാണ് ഫേസ്ബുക്കിലൂടെയുള്ള പോര്‍വിളികളുടെ തുടക്കം, മുമ്പും ഇത്തരത്തില്‍ നേരിയ രാഷ്‌ട്രീയ തര്‍ക്കങ്ങളും മറ്റും ഉണ്ടായിരുന്നെങ്കിലും പൊലീസടക്കം ആരും ഗൗരവമായെടുത്തിരുന്നില്ല. എന്നാല്‍ ധനരാജ് വധവും തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ബിഎംഎസ് പ്രവര്‍ത്തകന്‍ കെ,സി, രാമചന്ദ്രന്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ഈ പ്രചാരണങ്ങളുടെ ഗൗരവം വ്യക്തമാകുന്നത്.
തുടര്‍ന്ന് ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത ആദ്യ സര്‍വ്വകക്ഷി സമാധാനയോഗത്തിലെ തീരുമാനം ഇത്തരം പ്രകോപനപരമായ പോസ്റ്റുകള്‍ അനുവദിക്കില്ല എന്നതായിരുന്നു. എന്നാല്‍ ഒരിടവേളയ്‌ക്കുശേഷം ബിജുവധത്തോടെ പോര്‍വിളികള്‍ വീണ്ടും സജീവമാകുകയാണ്. ബിജു കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം മൃതദേഹത്തിന്‍റെ ചിത്രം സഹിതം പോസ്റ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു, പ്രാദേശിക ഗ്രൂപ്പുകളിലും മറ്റുമാണ് കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ സഹിതം ആദ്യം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത് ഇത് പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. പല പോസ്റ്റുകളും പരസ്യമായ കൊലവിളിയാണ് നടത്തുന്നത്.
സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ വധത്തിന് പകരം ചോദിക്കണമെന്ന തരത്തില്‍ ഒരുവിഭാവും ബിജുവിന്റെ കൊലയ്‌ക്ക് തിരിച്ചടി നല്‍കണമെന്ന് മറ്റൊരു വിഭാഗവും പ്രചരിപ്പിക്കുന്നു.വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്നവരുടെ അക്കൗണ്ടുകളിലാണ് ഇത്തരം പോസ്റ്റുകളില്‍ അധികവും കാണപ്പെടുന്നത്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്ന എല്ലാ പോസ്റ്റുകളും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും , ഐപിസി 153 അടക്കം വകുപ്പുകള്‍ ചുമത്തി വേണ്ട നടപടികള്‍ എടുക്കുമെന്നും ജില്ലാ പോലീസ് മേധാവി ശിവവിക്രം പറഞ്ഞു. പുറത്ത് സമാധാനം സ്ഥാപിക്കുമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയിലും. യാതൊരു നിയന്ത്രണവുമില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ടെത്തുന്ന ഇത്തരം ആശയങ്ങള്‍ എല്ലാ സമാധാനശ്രമങ്ങള്‍ക്കും തിരിച്ചടിയാകും.
