കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചെന്ന കേസിൽ കൊച്ചി പീസ് സ്കൂൾ എംഡി എംഎം അക്ബറിന് ജാമ്യം. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ കൊട്ടിയം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

മതസ്പർദ്ധ വളർത്തുന്ന പാഠപുസ്തകം പഠിച്ചിച്ചെന്ന കേസില്‍ പീസ് ഇന്റർനാഷ്ണൽ സ്കൂളുകളുടെ സ്ഥാപകനും മുജാഹിദ് പ്രഭാഷകനുമായ എം.എം. അക്ബറെ വിദേശത്തു നിന്ന്  എത്തിയപ്പോൾ  ഹൈദരാബാദ്  വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്. കൊച്ചി പൊലീസ് നൽകിയ ലുക്കൗട്ട് നോട്ടീസിനെ തുടർന്നായിരുന്നു നടപടി.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് എറണാകുളത്തെ പീസ് ഇന്‍റര്‍നാഷണല്‍ സ്‌ക്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ജില്ലാ കളക്ടറുടെയും വിദ്യഭ്യാസ വകുപ്പിന്‍റെയും അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു നടപടി. മതേതരസ്വഭാവമില്ലാത്ത സിലബസാണ് പഠിപ്പിക്കുന്നതെന്നും സര്‍ക്കാരിന്‍റെ അംഗീകാരമില്ലാതെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നുമുളള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അക്ബറിനെതിരെ കേസെടുക്കുകയായിരുന്നു.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുളള സിലബസാണ് സ്കൂളില്‍ പഠിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 2009മുതല്‍ സര്‍ക്കാരിന്‍റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സിബിഎസ്ഇ സ്കൂളില്‍ പ്രധാനമായും മതപഠനമാണ് നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇസ്‌ലാമിക പ്രഭാഷകനായ എം.എം അക്ബറുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷന് കീഴില്‍ പീസ് ഇന്‍റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌ക്കൂളുകള്‍  കേരളത്തിലുണ്ട്.