ജില്ലാ കളക്ടര്‍മാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമ്പോള്‍ അതറിയാതെ സ്കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ പ്രധാനാധ്യാപകർ ഉറപ്പാക്കണം... 

കോഴിക്കോട്: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടികളാരംഭിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി നിര്‍ദേശങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും അവയില്‍ ഭൂരിഭാഗവും പലപ്പോഴും പാലിക്കപ്പെടാറില്ല. ഇത് കണക്കിലെടുത്താണ് നടപടികള്‍ കര്‍ശനമാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. 

ജീര്‍ണ്ണതാവസ്ഥയില്‍ ഉള്ളതോ ഭാഗികമായി നിലനില്‍ക്കുന്നതോ പണി പൂര്‍ത്തിയാകാതെ നിര്‍ത്തിവെച്ചിരിക്കുന്നതോ ആയ സംസ്ഥാനത്തെ സ്കൂള്‍ കെട്ടിടങ്ങള്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉറപ്പുവരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ പ്രധാനാധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. 

ഓരോ അധ്യയന വര്‍ഷവും സ്കൂളുകള്‍ തുറക്കുന്നതിനു മുന്‍പ് സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട എന്‍ജിനീയര്‍ പരിശോധിച്ച് ഉറപ്പുവരുത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍ക്ക് നല്‍കണമെന്ന നിര്‍ദേശം കെ.ഇ.ആര്‍ ചട്ടപ്രകാരം നിലവിലുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. 

ഇക്കുറി അധ്യയന വര്‍ഷം തുടങ്ങുന്നതിനു മുമ്പായി സ്കൂള്‍ കെട്ടിടങ്ങളുടെ പരിസരത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും മറ്റും മുറിച്ച് മാറ്റുകയും സ്കൂളുകള്‍ സന്ദര്‍ശിച്ചു കുട്ടികളുടെ സുരക്ഷ സംബന്ധമായ ക്രമീകരണങ്ങള്‍ വിലയിരുത്തണമെന്ന് എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സ്കൂളിനോട് ചേര്‍ന്ന് അപകടാവസ്ഥയിലുള്ള വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കണക്ഷനുകള്‍ എന്നിവ പരിശോധിക്കുകയും അപകടാവസ്ഥ പരിഹരിക്കുകയും ചെയ്യണം. ഇതിന്‍റെ ചുമതല ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫിസുകള്‍ക്ക് ആയിരിക്കും. സ്കൂള്‍ കോമ്പൗണ്ടുകളുടെ പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവ അപകട രഹിതമാണെന്ന് ഉറപ്പുവരുത്തും. കുട്ടികളെ സ്കൂളിലേക്ക് വിളിച്ചു കൊണ്ടുവരുന്നതിനും തിരികെ വീട്ടില്‍ എത്തിക്കുന്നതിനും സ്കൂള്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും കര്‍ശനമായി നടപ്പിലാക്കും. 

വേണ്ടത്ര പരിചയം ഇല്ലാത്തവരും അംഗവൈകല്യമുള്ള വരും കാഴ്ച, കേള്‍വി കുറവുള്ളവരും സ്കൂള്‍ വാഹനത്തിന്‍റെ ഡ്രൈവറോ ക്ലീനറോ ആയി ജോലി ചെയ്യുന്നില്ലെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. വിദ്യാഭ്യാസ ഓഫിസര്‍മാര്‍ വിളിച്ചുചേര്‍ക്കുന്ന പ്രധാന അധ്യാപകരുടെ മീറ്റിങ്ങുകളില്‍ സ്കൂള്‍ സുരക്ഷ സംബന്ധിച്ച അവലോകനം കൃത്യമായി നടത്തും.

പ്രകൃതി ക്ഷോഭങ്ങള്‍ കാരണം ജില്ലാ കളക്ടര്‍മാര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമ്പോള്‍ അവധി പ്രഖ്യാപിച്ചത് അറിയാതെ സ്കൂളുകളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ പ്രധാനാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധ്യാപകരുടെയും പി.ടി.എയുടെയും സഹായത്തോടെ കുട്ടികളെ സുരക്ഷിതമായി വീടുകളില്‍ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.