സംസ്കാരം നടത്തുന്നതിനിടെയാണ് പ്രദേശത്തെ കുരങ്ങുകളെ ചത്ത നിലയില്‍ നാട്ടുകാര്‍ കാണുന്നത്. ഇതാണ് കുരങ്ങുപനിയെന്ന സംശയമുണ്ടാക്കിയത്.

വയനാട്: സുൽത്താൻ ബത്തേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണം കുരങ്ങുപനിമൂലമാണോയെന്ന സംശയത്തിലാണ് നാട്ടുകാർ. ചെള്ളുകടി മൂലമാണ് വിദ്യാര്‍ത്ഥിയ്ക്ക് പനിബാധിച്ചത്. എന്നാല്‍ രക്തപരിശോധന പൂര്‍ത്തായാകും മുമ്പ് കുരങ്ങുപനി മൂലമാണോയെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. 

ചെതലയം നെല്ലിപ്പാറ പണിയകോളനിവാസിയായ ഗീതയുടെ മകനായ വിപിൻ നാലുദിവസമായി പനി ബാധിച്ച് ബത്തേരി താലൂക്കാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചെള്ളുകടിയേറ്റിട്ടുണ്ടായ പനിയെന്ന് ആരോഗ്യവുകുപ്പ് സ്ഥിരീകരിച്ചുവെങ്കിലും തുടര്‍ചികില്‍സക്ക് നൽകും മുൻപ് വിപിന്‍ മരിച്ചു. സംസ്കാരം നടത്തുന്നതിനിടെയാണ് പ്രദേശത്തെ കുരങ്ങുകളെ ചത്ത നിലയില്‍ നാട്ടുകാര്‍ കാണുന്നത്. ഇതാണ് കുരങ്ങുപനിയെന്ന സംശയമുണ്ടാക്കിയത്.

കുരങ്ങുപനിയെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരിക്കുന്നത്. അതേസമയം രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കുരങ്ങുപനി പടരാനുള്ള സാധ്യത ഇവര്‍ തള്ളിക്കളയുന്നില്ല. രോഗസാധ്യതയുള്ള തിരുനെല്ലി, നൂല്‍പുഴ, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ഇന്ന് പരിശോധന നടത്തും. ബോധവല്‍കരണ പ്രചരണത്തിനായും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമായി മാനന്തവാടിയില്‍ ഇന്ന് ജനപ്രതിനിധികളുടെ പ്രത്യേകയോഗം ചേരും.