ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി

ദില്ലി: കോൺഗ്രസ്സിന്‍റെ അർദ്ധരാത്രി പ്രതിഷേധത്തിൽ ശ്രദ്ധേയമായത് പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം തന്നെയാണ്. പൊലീസിന്റെ ബാരിക്കേടുകൾ ചാടിക്കടന്ന് ഇന്ത്യാഗേറ്റിലേക്കെത്തിയ പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് ആവേശമായി. തിക്കും തിരക്കിനുമിടയിൽ പ്രവര്‍ത്തകരോട് പ്രിയങ്കക്ക് ക്ഷുഭിതയായി സംസാരിക്കേണ്ടിയും വന്നു.

കോൺഗ്രസ്സിന്‍റെ പ്രവർത്തനങ്ങളിൽ എന്നും നിശബ്ദ സാന്നിധ്യമായി നിന്ന പ്രിയങ്ക, രാഹുൽ ഗാന്ധിക്കൊപ്പം തന്നെ നിന്ന് അണികൾക്ക് നേതൃത്വം നൽകി. ഭർത്താവ് റോബർട്ട് വദ്രയ്ക്കും മകൾ മിറായക്കുമൊപ്പമാണ് എത്തിയതെങ്കിലും സുരക്ഷ ഉറപ്പാക്കി മകളെ കാറിൽ തന്നെ ഇരുത്തി പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് ഇറങ്ങി. ഇന്ത്യഗേറ്റിലേക്കുള്ള റോഡ് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. 

ബാരിക്കേഡും പൊലീസ് സുരക്ഷാവലയവും ഭേദഗിച്ച് മുന്നോട്ട് പോയ പ്രിയങ്കയ്ക്ക് പിന്നാലെ സ്ത്രീ പുരുഷ ഭേദമെന്യേ അണികളും ഒപ്പംകൂടി. അമര്‍ജവാൻ ജ്യോതിക്ക് സമീപത്ത് തിക്കുംതിരക്കിനുമിടയിൽ പ്രിയങ്ക കുത്തിയിരുന്നു. പ്രവര്‍ത്തകരുടെ ബഹളത്തിൽ ഇടക്ക് അല്പം ക്ഷുഭിതയായി.
മൂന്നുമണിക്കൂറോളം നീണ്ടുനിന്ന പാതിരാപ്രക്ഷോഭത്തിൽ പ്രിയങ്ക മുഴുവൻ സമയവും പങ്കെടുത്തു. 

കോണ്‍ഗ്രസ് പ്രതിഷേധത്തിന്‍റെ ഭാഗമാകാൻ ദില്ലിയിൽ കൂട്ടബലാൽസംഗത്തിന് ഇരയായി മരിച്ച നിര്‍ഭയയുടെ രക്ഷിതാക്കളും എത്തിയിരുന്നു. ബി.ജെ.പിയിലെ വനിത നേതാക്കളുടെ മൗനം അമ്പരിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് അംബികാസോണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അര്‍ദ്ധരാത്രി പ്രക്ഷോഭത്തിൽ സ്ത്രീകളുടെ വലിയ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.