യുവാവിന്‍റെ നഗ്ന വീഡിയോ ചിത്രീകരിച്ച് ബ്ലാക്മെയിലിംഗ്  നാലുപ്രതികള്‍ അറസ്റ്റില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവിന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയും നഗ്ന വീഡിയോ ചിത്രീകരിച്ച് ബ്ലാക്‍മെയില്‍ ചെയ്യുകയും ചെയ്ത സംഘം അറസ്റ്റിൽ. വീണ്ടും പണം ആവശ്യപ്പെട്ട പ്രതികളെ പൊലീസ് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ അജ്മല്‍, ശിവേഷ് കണ്ണന്‍, തേക്കിന്‍കാട് സ്വദേശി മുഹമ്മദ് യൂസഫ്, അരിപ്ര സ്വദേശി ഷഹബാസ് എന്നിവരാണ് പിടിയിലായത്. 

ഇന്നലെ പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൂവൂരിലേക്ക് കാറിൽ പോകുകയായിരുന്ന യുവാവിനെ രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ പ്രതികൾ പെരിന്തൽമണ്ണ ബൈപ്പാസിൽ തടഞ്ഞു. ഏഴായിരം രൂപയും മൊബൈൽ ഫോണുമാണ് തട്ടിയെടുത്തത്. പരാതി നൽകിയാൽ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 

ഇന്ന് രാവിലെ കൂടുതൽ പണം ആവശ്യപ്പെട്ട് പ്രതികൾ യുവാവിനെ വിളിച്ചു. ഇതോടെയാണ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. പണം നൽകാനെന്ന രീതിയിൽ നാലു പ്രതികളെയും യുവാവ് പെരിന്തൽമണ്ണയിലേക്ക് വിളിച്ചുവരുത്തി. സമീപത്ത് കാത്തുനിന്ന പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ പുലർച്ചെ യുവാവിനെ തടഞ്ഞുനിർത്തിയത് വെളിവാകുന്ന സിസിടിവി ദൃശ്യങ്ങളും തെളിവായി പൊലീസിന് കിട്ടിയിട്ടുണ്ട്.