.അതിര്‍ത്തി പട്ടണമായ കമ്പത്തെ നാട്ടുചന്തയാണ് ഇടുക്കി വഴി കേരളത്തിലേക്ക് പച്ചക്കറികളെത്തുന്നതിന്റെ പ്രധാന കേന്ദ്രം. ഇവിടെയെത്തുന്നത് വിഷം ചേര്‍ക്കാത്ത പച്ചക്കറിയാണോയെന്ന് 32 വര്‍ഷമായി കേരളത്തിലേക്ക് പച്ചക്കറി കയറ്റി അയക്കുന്ന രാധയോട് ചോദിച്ചു. എല്ലാം വിഷം ചേര്‍ത്തതാണെന്നായിരുന്നു മറുപടി. എത്രദിവസം നീണ്ടുനില്‍ക്കുന്നതെന്നേ അറിയേണ്ടതുള്ളൂ. ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമങ്ങളിലേക്കാണ് പിന്നെ ഞങ്ങള്‍ പോയത്. വഴിനീളെ തോട്ടങ്ങള്‍. വിളഞ്ഞുനില്‍ക്കുന്ന വെണ്ട. വളര്‍ന്നുനില്‍ക്കുന്ന പടവലം. ഈ പച്ചക്കറികളെ ഇങ്ങനെ സുന്ദരിയാക്കി ഒരുക്കിനിര്‍ത്തുന്ന ജാലവിദ്യ എന്തെന്ന് അന്വേഷിച്ചു.
ഉത്തമപാളയത്തിലെ പാവല്‍ തോട്ടത്തില്‍ പല കീടനാശിനികള്‍ ഒരുമിച്ച് കൂട്ടിക്കലര്‍ത്തുന്നതാണ് കണ്ടത്. കേരളത്തില്‍ പണ്ടേതന്നെ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ അടക്കമുളളവ ഉപയോഗിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ സമ്മതിക്കുന്നു. പാവലിന് വൈറസെന്നാണ് ഇവര്‍ പറയുന്നത്. എന്താണ് തളിക്കുന്നതെന്നുപോലും അറിയില്ല. എല്ലാ അഞ്ച് ദിവസം കൂടൊമ്പോഴും മരുന്നടിക്കും. വിളവെടുക്കുന്ന 50 ദിവസത്തിനുള്ളില്‍ പലതരം കൊടുംവിഷങ്ങള്‍ ഇങ്ങനെ തളിക്കും.
ആനപ്പെട്ടിയിലെ ബീറ്റ്റൂട്ട് തോട്ടത്തിലേക്കേണ് പിന്നെപ്പോയത്. വഴിനീളെ കീടനാശിനി തളിക്കുന്നവരുടെ ഇരുചക്രവാഹനങ്ങള് കാണാം. തമിഴ്നാട്ടിലെ കാര്‍ഷികഗ്രാമങ്ങളില്‍ ഇപ്പോള്‍ ഇവര്‍ക്കാണ് നല്ല ഡിമാന്‍റ്. മലയാളികള്‍ക്ക് കഴിക്കാനുളള പച്ചക്കറി കൊടുംവിഷമൊഴിച്ച് തയാറാക്കുകയാണവര്‍. കേരളത്തില്‍ പണ്ടേ നിരോധിച്ച കാര്‍ബോഫുറാന്‍, മീതൈല്‍ പാരത്തയോണ്‍, മോണോക്രോട്ടോഫോസ് എന്നി കൊടും വിഷങ്ങളെല്ലാം, കളകളേയും കീടങ്ങളേയും അകറ്റാന്‍ പ്രയോഗിക്കുന്നു. വിളവെടുപ്പിന് മുമ്പ് കേരളത്തില്‍ നിരോധിച്ച കൊടുംവിഷങ്ങള്‍ മുക്കിയെടുത്ത് വിളിയിച്ചെടുത്ത ഈ പച്ചക്കറികളാണ് പൊന്നുംവിലകൊടുത്ത് നാം വാങ്ങിക്കഴിക്കുന്നത്.
