തിരുവനന്തപുരം: പേട്ടയില്‍ ലൈംഗികാതിക്രമം തടയാനായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. 

സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്‍കിയാല്‍ മാത്രം മതിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വളരെ ഉദാത്തമായ നടപടിയാണ് പെണ്‍കുട്ടിയുടേതെന്നും ആ കുട്ടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ യുവതിയല്ല, താന്‍ സ്വയം മുറിച്ചതാണെന്നാണ് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. സ്വാമിയെ ആക്രമിച്ചത് താനാണെന്നാണ് നിയമവിദ്യാര്‍ത്ഥി കൂടിയായ പെണ്‍കുട്ടിയുടെ മൊഴി നല്‍കിയിട്ടുണ്ട്. അഞ്ചുവര്‍ഷമായി തുടരുന്ന പീഡനം സഹിക്കവയ്യാതെയാണ് വ്യാഴാഴ്ച രാത്രി സ്വാമി വീട്ടിലെത്തുമെന്ന് അറിയിച്ചപ്പോള്‍ കത്തി വാങ്ങി കാത്തിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു.