മനില: ദക്ഷിണ ഫിലിപ്പീന്‍സില്‍ ടെംബിന്‍ കൊടുങ്കാറ്റിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 180ആയി. സിബുകോയിലും സലൂഗിലുമാണ് ടെംബിന്‍ ആളപായമുണ്ടാക്കിയത്. ടുബോഡ്, പിയാഗപോ നഗരങ്ങള്‍ മണ്ണിനടിയിലായി. നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പാറക്കൂട്ടങ്ങളും മണ്ണും കുമിഞ്ഞുകൂടിയതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. 

ടെംബിന്‍ കൊടുങ്കാറ് ആദ്യം ആഞ്ഞുവീശിയത് ഫിലിപ്പൈന്‍സിന്റെ തെക്കന്‍ ദ്വീപായ മിന്‍ഡാനാനോയിലാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ടുബോഡ്, പിയാഗാപോ നഗരങ്ങളില്‍ ദുരിതം വിതച്ചു. നദികള്‍ കര കവിഞ്ഞൊഴുകിയതോടെ കെട്ടിങ്ങള്‍ വെള്ളത്തിനടിയിലായി. മലവെള്ളപ്പാച്ചിലില്‍ പല ഗ്രാമങ്ങളും പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടു. 

ഗ്രാമീണമേഖലയായ ദലാമോ പ്രളയത്തില്‍ പൂര്‍ണ്ണമായും നശിച്ചു. ലനോവോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ ദ്വീപായ മിന്‍ഡനാവോയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ പലാവന്‍ ദ്വീപുകളിലൂടെയാണ് കാറ്റ് നീങ്ങുന്നത്. ടെംബിൻ 3 ദിവസത്തിനുള്ളില്‍ തെക്കൻ വിയറ്റ്നാമിലേക്ക് പ്രവേശിക്കും.