മനില: ടെംബിൻ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും നൂറിലേറെ പേർ ഫിലിപ്പൈൻസില്‍ മരിച്ചു.തെക്കൻ മേഖലയിലാണ് കൊടുങ്കാറ്റ് ദുരിതം വിതച്ചത്.

ടെംബിൻ കൊടുങ്കാറ് ആദ്യം ആഞ്ഞുവീശിയത് ഫിലിപ്പൈൻസിന്റെ തെക്കൻ ദ്വീപായ മിൻഡാനാനോയിലാണ്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ടുബോഡ്, പിയാഗാപോ നഗരങ്ങളില്‍ ദുരിതം വിതച്ചു. നദികള്‍ കര കവിഞ്ഞൊഴുകിയതോടെ കെട്ടിങ്ങള്‍ വെള്ളത്തിനടിയിലായി.

മലവെള്ളപ്പാച്ചിലില്‍ പല ഗ്രാമങ്ങളും പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും എത്രപേർ കുടുങ്ങിക്കിടക്കുന്നുവെന്ന് പറയാനാകില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. വൈദ്യുതിയും വാർത്താവിതരണസംവിധാനങ്ങളും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുന്നു.

ഇതും രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട് . ഇപ്പോള്‍ 80 കിലോമീറ്റർ വേഗതയില്‍ ഫിലിപ്പൈൻസിന്‍റെ പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങുന്ന ടെംബിൻ 3 ദിവസത്തിനുള്ളില്‍ തെക്കൻ വിയറ്റ്നാമിലേക്ക് പ്രവേശിക്കും. ഒരാഴ്ച മുന്പ് വീശിയടിച്ച കായി ടെക് കൊടുങ്കാറ്റ് മധ്യ ഫിലിപ്പൈൻസില്‍ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. അന്ന് 12 പേർക്കാണ് ജീവൻ നഷ്ടമായത്.