'തനിച്ചല്ല നിങ്ങള്‍' എന്ന അടിക്കുറിപ്പോടുകൂടി സൈനികര്‍ പങ്കുവച്ച ചിത്രം വൈകാതെ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ഏതാണ്ട് ആയിരത്തോളം പേരാണ് ഇന്ത്യന്‍ ആര്‍മിയുടെ ചിത്രം റീട്വീറ്റ് ചെയ്തത്
ദില്ലി: സൈനികരുടെ ട്വിറ്റര്‍ പേജുകളിലാണ് ആദ്യമായി ആ ചിത്രം പ്രത്യക്ഷപ്പെട്ടത്. വിതുമ്പുന്ന ഒരു വൃദ്ധനെ ചേര്‍ത്തുപിടിച്ച്, ആശ്വസിപ്പിക്കുന്ന പട്ടാളക്കാരന്‍. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനിയുടെ പിതാവായിരുന്നു ചിത്രത്തില്‍.
'തനിച്ചല്ല നിങ്ങള്‍' എന്ന അടിക്കുറിപ്പോടുകൂടി സൈനികര്‍ പങ്കുവച്ച ചിത്രം വൈകാതെ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ഏതാണ്ട് ആയിരത്തോളം പേരാണ് ഇന്ത്യന്‍ ആര്‍മിയുടെ ചിത്രം റീട്വീറ്റ് ചെയ്തത്. മറ്റ് സോഷ്യല്‍ മീഡിയകളിലും ചിത്രം വൈറലായി.
കുല്‍ഗാം സ്വദേശിയായ അഹമ്മദ് വാനി 2004ലാണ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത്. 2007ലും, 2018ലും സേനാ മെഡല്‍ ലഭിച്ച ഇദ്ദേഹം പല സൈനിക ഓപ്പറേഷനുകളിലും നിര്‍ണ്ണായക സാന്നിധ്യമായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഷോപ്പിയാനില്‍ നടന്ന ഭീകരവാദികളുമായുള്ള ഏറ്റമുട്ടലിനിടെ വെടിയേറ്റാണ് മുപ്പത്തിയെട്ടുകാരനായ അഹമ്മദ് വാനി മരിച്ചത്.
കണ്ണീരോടെ, അഹമ്മദ് വാനിക്ക് കുല്‍ഗാം നല്‍കിയ യാത്രയയപ്പിനിടെയാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. മകനെയോര്‍ത്ത് കരയുന്ന, അഹമ്മദ് വാനിയുടെ പിതാവിനെ സമാശ്വസിപ്പിക്കാന്‍ ഒരു സൈനികന്‍ മുന്നോട്ടുവന്നു. വിതുമ്പുന്ന വൃദ്ധനെ സൈനികന്‍ ചേര്‍ത്തുപിടിച്ച ആ നിമിഷങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
