ദില്ലി: ദില്ലി ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ അടുത്ത ആഴ്ച വാദം കേള്‍ക്കും. പൂനെയിലെ നിയമവിദ്യാര്‍ഥിനികളാണ് ദില്ലി ഹെെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

നവംബര്‍ 27ന് ദര്‍ഗ സന്ദര്‍ശിച്ചപ്പോഴാണ് അവിടെ സ്ത്രീപ്രവേശനം നിഷേധിക്കുന്ന തരത്തില്‍ നോട്ടീസ് പ്രദര്‍ശിപ്പിച്ചിരുന്നത് കണ്ടത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയതെന്ന് നിയമവിദ്യാര്‍ഥിനികള്‍ പ്രതികരിച്ചു. നിസാമുദ്ദീന്‍ ദര്‍ഗ ഒരു പൊതുസ്ഥലമാണ്.

അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ദര്‍ഗ ട്രസ്റ്റിനോടും ദില്ലി പൊലീസിനോടുമെല്ലാം സ്ത്രീ പ്രവേശനം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ശബരിമല യുവതീപ്രവേശന വിധി അടക്കം ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.