ആയിരം മാസങ്ങളേക്കാള്‍ പുണ്യമുണ്ടെന്നു കരുതപ്പെടുന്ന ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ച് റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ തീര്‍ഥാടകരുടെ ഒഴുക്ക് വീണ്ടും വര്‍ധിക്കും.

മക്ക: റമദാനോടനുബന്ധിച്ച് മക്കയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക്. ഹോട്ടലുകളെല്ലാം ഏതാണ്ട് പൂര്‍ണമായും ബുക്ക്‌ ചെയ്യപ്പെട്ടുകഴിഞ്ഞു.

മക്കയില്‍ ഹറം പള്ളിക്ക് ചുറ്റുമുള്ള ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്മെന്റുകളുമെല്ലാം വിദേശ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുണ്ടെന്നു കരുതപ്പെടുന്ന ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ച് റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ തീര്‍ഥാടകരുടെ ഒഴുക്ക് വീണ്ടും വര്‍ധിക്കും. അവസാനത്തെ പത്തില്‍ താമസിക്കാന്‍ ഹോട്ടലുകളെല്ലാം ഏതാണ്ട് പൂര്‍ണമായും ബുക്ക്‌ ചെയ്ത് കഴിഞ്ഞു. 1,62,000 ഹോട്ടല്‍ മുറികളില്‍ 1,55,000 മുറികളും മുന്‍‌കൂര്‍ പണം അടച്ചു ബുക്ക്‌ ചെയ്തു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്‌. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഹോട്ടല്‍ ബുക്കിംഗ് ഇത്തവണ കൂടുതലാണ്. മറ്റു ദിവസങ്ങളേക്കാള്‍ ഹോട്ടലുകളില്‍ വാടക കൂടുതലാണ് അവസാനത്തെ പത്ത് ദിവസം. 45,000 റിയാല്‍ വരെയാണ് ഈ ദിവസങ്ങളില്‍ വാടക. 

ഹറം പള്ളിക്ക് ചുറ്റും 947 ഹോട്ടലുകളും ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്മെന്റുകളും ഉണ്ട്. റമദാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ ഒരു ഹജ്ജ് നിര്‍വഹിച്ച പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. ആഭ്യന്തര തീര്‍ഥാടകരും ഏറ്റവും കൂടുതല്‍ ഉംറ നിര്‍വഹിക്കുന്ന മാസമാണ് റമദാന്‍. അതേസമയം മക്കയിലെ ഹറം പള്ളിയില്‍ ഇന്നലെ ക്രെയിനിന്റെ കൈ തകര്‍ന്നു വീണു. ഓപ്പറേറ്റര്‍ക്ക് നിസാരമായി പരിക്കേറ്റു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ചതായിരുന്നു ക്രെയിന്‍. ഉംറയോ പ്രാര്‍ത്ഥനകളോ നിര്‍വഹിക്കുന്ന ഭാഗത്തല്ലാത്തതിനാല്‍ തീര്‍ഥാടകര്‍ക്ക് പരിക്കില്ല.