തിരുവനന്തപുരം: ഒട്ടേറെ ജനപ്രിയ തീരുമാനങ്ങളുമായി പുതിയ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗം. ജിഷയുടെ കൊലപാതക കേസ് അന്വേഷണത്തിനു പുതിയ ടീമിനെ നിശ്ചയിച്ചതടക്കം നിരവധി സുപ്രധാന തീരുമാനങ്ങള്‍ പുതിയ സര്‍ക്കാര്‍ കൈക്കൊണ്ടു. യുഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 

ജിഷ കൊലക്കേസ് അന്വേഷണത്തിനു പുതിയ ടീം; ജിഷയുടെ അമ്മയ്ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍

ക്ഷേമ പെന്‍ഷനുകള്‍ ഉടന്‍ കൊടുത്തുതീര്‍ക്കും. ഇവ നേരിട്ടു വീട്ടിലെത്തിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പഞ്ചവത്സര പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കും. എല്ലാ വകുപ്പുകളും പത്തു ദിവസത്തിനുള്ളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ചീഫ് സെക്രട്ടറി എല്ലാ ദിവസവും ഇതിന്റെ പുരോഗതി വിലയിരുത്തും

മഴക്കാല പൂര്‍വ ശുചീകരണ പരിപാടികളുടെ ഭാഗമായി 27നു രാവിലെ ബന്ധപ്പെട്ട വകുപ്പു മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു. ജനുവരി ഒന്നിനുശേഷം യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എ.കെ. ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. തോമസ് ഐസക്, വി.എസ്. സുനില്‍ കുമാര്‍ എന്നിവരും ഘടകകക്ഷികളിലെ മന്ത്രിമാരും ഇതില്‍ അംഗങ്ങളായിരിക്കും. എത്രയും വേഗം കമ്മിറ്റി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്ന കാര്യം ഗവര്‍ണറുമായി ആലോചിച്ചു തീരുമാനിക്കും. മന്ത്രിമാര്‍ക്കു സ്വീകരണങ്ങള്‍ നല്‍കുമ്പോള്‍ ആര്‍ഭാടം ഒഴിവാക്കണം. സ്വീകരണ ചടങ്ങുകളില്‍ കുട്ടികളെയും സ്ത്രീകളെയും താലപ്പൊലിയേന്താന്‍ നിര്‍ത്തുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

28നു ദില്ലിയില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ധനമന്ത്രി തുടങ്ങിവരുമായി ചര്‍ച്ച നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ചകളില്‍ ക്യാബിനറ്റ് യോഗമുണ്ടാകുമെന്നും, എന്നാല്‍ എല്ലാ യോഗങ്ങള്‍ക്കു ശേഷവും മാധ്യമങ്ങളെ കാണേണ്ടതുണ്ടോയെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു.