തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന് പേരിട്ട സര്‍വ്വീസ് സ്റ്റോറി ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് തിരുവനന്തപുരത്ത് വെച്ച് പ്രകാശനം ചെയ്യാനിരുന്നത്. പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് പിണറായിയുടെ തീരുമാനം. തുടര്‍ന്ന് ചടങ്ങ് റദ്ദാക്കി. പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫ് കത്തു നല്‍കിയിരുന്നു. സര്‍വ്വീസിലിരിക്കെ സര്‍ക്കാറിന്റെ അനുമതി വാങ്ങാതെ ചട്ടങ്ങള്‍ ലംഘിച്ചാണ് ജേക്കബ് തോമസ് പുസ്തകമെഴുതിയതെന്നും അത് വഴി ജേക്കബ് തോമസ് ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നുമായിരുന്നു കെ.സി ജോസഫ് അറിയിച്ചത്.

ചടങ്ങിന് മുഖ്യമന്ത്രി എത്തില്ലെന്ന് അറിയിച്ചുവെന്നും അതുകൊണ്ട് പുസ്തക പ്രകാശന ചടങ്ങ് വേണ്ടെന്ന് വെയ്ക്കുകയാണെന്നും ജേക്കബ് തോമസും അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈനിലൂടെയും പുസ്തക കടകളിലൂടെയും പുസ്തകം ലഭിക്കും. തന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഇന്ന് നിശ്ചയിച്ചിരുന്നു. ഇതിനും ഇനി പ്രകാശന ചടങ്ങ് ഉണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. പുസ്തക പ്രകാശനം വിവാദമായി മാറുമെന്ന വിവരം ഇന്റലിജന്‍സ്, മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് വിവരം. എന്നാല്‍ ചടങ്ങ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചുവെന്നാണ് ജേക്കബ് തോമസ് അറിയിച്ചത്.
വിട്ടുവീഴ്ചയില്ലാത്ത ഐപിഎസുകാരനായി അറിയപ്പെടുന്ന ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്കൊപ്പം ഒന്നിന് പുറകെ ഒന്നായി വന്ന വിവാദങ്ങളുടെയും കഥ തുറന്നു പറയുന്ന പുസ്തകമാണ് പുറത്തുവരുന്നതെന്നാണ് സൂചന. പിന്നിട്ട വഴിയില്‍ നേരിടേണ്ടിവന്ന വെല്ലുവിളികള്‍ക്കൊപ്പം നിര്‍ബന്ധിത അവധിയില്‍ ഇപ്പോള്‍ പുറത്തുനില്‍ക്കുന്ന ജേക്കബ് തോമസിന്റെ അടുത്ത ഔദ്യോഗിക നീക്കത്തെ കുറിച്ചുള്ള സൂചനയും പുസ്തകത്തിലുണ്ടാകുമോയെന്ന ആകാംക്ഷയും നിലനില്‍ക്കുന്നു.
