തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിന്റെ കേരള അഡ്മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തിനെതിരായ സര്‍ക്കാരിന്റെ പുതിയ നീക്കം വിവാദമാകുന്നു. മുന്‍ ചീഫ് സെക്രട്ടറി എംഎസ് വിജയാനന്ദ്, സെന്‍കുമാറിന് നല്‍കിയ വിശ്വാസ്യത സര്‍ട്ടിഫിക്കറ്റ് തള്ളിയാണ് സര്‍ക്കാര്‍ സെന്‍കുമാറിനെതിരെ നിലപാട് എടുക്കുന്നത്. അതേസമയം, സെന്‍കുമാര്‍ ഇറക്കിയ പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കേണ്ടെന്ന് സെന്‍കുമാര്‍ തീരുമാനിച്ചു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമതിയാണ് കേരള അഡ്മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണിലേക്കുള്ള അപേക്ഷകരില്‍ നിന്നും സെന്‍കുമാറിനെയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സോമസുന്ദരത്തെയും തെരഞ്ഞെടുത്തത്. അര്‍ദ്ധ ജുഡീഷ്യല്‍ സ്വഭാവമുള്ള സമിതിയിലേക്ക് അപേക്ഷ നല്‍കിയിപ്പോള്‍ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എംഎസ് വിജയാനന്ദ് സെന്‍കുമാറിന് നല്‍കിയ വിശ്വാസ്യതാ സര്‍ട്ടിഫിക്കാറ്റാണിത്. ഇത് കൂടി പരിഗണിച്ചാണ് സെന്‍കുമാറിനെ തെരഞ്ഞെടുത്തത്.

സെന്‍കുമാര്‍ ഉള്‍പ്പെടുന്ന പാനല്‍ തള്ളി പുതിയ തെരഞ്ഞെടുപ്പ് വേണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍കുമാറിന്റെ നിയമന ശുപാ‍ര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു. സെന്‍കുമാര്‍‍ വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥനാണെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തി ഐഎഎസുകാരെ നിയമിക്കണമെന്നും കേന്ദ്രത്തെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതേ സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറി വിശ്വാസ്യത സര്‍ട്ടിഫിക്കറ്റു നല്‍കുകയും ട്രിബ്യൂണിലിലേക്ക് തിരിഞ്ഞെടുപ്പ് നടക്കുമ്പോള്‍ സെന്‍കുമാറിനെതിരെ ഒന്നും പറയാതിരിക്കുയും ചെയ്ത ശേഷമുള്ള സര്‍ക്കാറിന്റെ നിലപാട് മാറ്റമാണ് വിവാദത്തിലായത്. അതേസമയം, സര്‍ക്കാര്‍ മരവിപ്പിച്ച പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നടപ്പാക്കേണ്ടെന്ന് സെന്‍കുമാര്‍ തീരുമാനിച്ചു.