തിരുവനന്തപുരം: ഓരോ വർഷവും 10% ബെവ്‌കോ ഔട്ട്‍ലെറ്റുകൾ പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പിൻവലിച്ചു. പുതിയ മദ്യനയം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരും. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യഷാപ്പുകള്‍ക്കും പുതിയ തീരുമാനം ബാധകമാണ്.

എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിനു 10% ബവ്‌റിജസ് ഷോപ്പുകള്‍ പൂട്ടണമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലായിരുന്നു ഇത് നടപ്പാക്കിയിരുന്നത്.

എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തുടരില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. മദ്യനയം മാറുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പരസ്യ നിലപാടെടുത്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് 10 ശതമാനം ബെവ്കോ ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടെന്ന മന്ത്രിസഭാ യോഗത്തിന്റെ ഇപ്പോഴത്തെ തീരുമാനം.