Asianet News MalayalamAsianet News Malayalam

പിണറായിയുടെ സന്ദര്‍ശനം; മഗളൂരുവില്‍ കനത്ത സുരക്ഷ

Pinarayi mangaluru
Author
First Published Feb 24, 2017, 4:33 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ണ്ണാടകയിലെ മംഗളുരുവില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.പിണറായി വിജയനെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്.

വാര്‍ത്താഭാരതി കന്നഡ ദിനപ്പത്രത്തിന്‍റെ പുതിയ ഓഫീസ് കോംപ്‌ളക്‌സ് നിര്‍മ്മാണ ഉദ്ഘാടനത്തിനും സി പി എം മതസൗഹാര്‍ദ്ദറാലി ഉദ്ഘാടനത്തിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയന് നാളെ മംഗളുരിവിലെത്തുന്നത്. പിണറായി വിജയനെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സംഘപരിവാര്‍ സംഘടനകള്‍ നാളെ മംഗളുരുവില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ബി ജെ പി-സംഘപരിവാര്‍ പ്രവര്‍ത്തകരെ സി.പി.എം ആക്രമിക്കുന്നുവെന്നാരോപിച്ചാണ് പിണറായി വിജയനെതിരെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുന്നത്.

എന്നാല്‍ ബിജെപി സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിജെപിക്കുള്ള മറുപടി മംഗലാപുരത്ത് പോയി വന്നതിന് ശേഷം പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
 
അതേസമയം കേരള മുഖ്യമന്ത്രിക്ക് എല്ലാ സുരക്ഷിതത്വവും ഏര്‍പെടുത്തിയതായി കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചു.മുഖ്യമന്ത്രി സിദ്ദരാമയ്യ തന്നെ നേരിട്ട് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി യു ടി ഖാദര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പത്ത് എസ്.പിമാരും 20 ഡി.വൈ.എസ്.പിമാരുടേയും നേതൃത്വത്തില്‍ മൂവ്വായിരം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്.പിണറായി വിജയന് പിന്തുണയുമായി കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ മംഗളുരുവിലേക്ക്എത്താൻ സാധ്യതയുള്ളതായി കേരളപൊലീസ് രഹസ്യാന്വേഷണ വിഭാഗം കര്‍ണ്ണാടക പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്

Follow Us:
Download App:
  • android
  • ios