Asianet News MalayalamAsianet News Malayalam

പ്രസംഗത്തിനിടെ ശരണംവിളിയും മുദ്രാവാക്യവും: താക്കീതുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രി അല്‍പ്പം രോഷത്തോടെ അച്ചടക്കം പാലിക്കണം എന്ന് താക്കീത് ചെയ്തു. വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ പിണറായി അച്ചടക്കം പാലിക്കണമെന്നും ആവശ്യപ്പെട്ടു

pinarayi speech in kollam bypass inauguration
Author
Kollam, First Published Jan 15, 2019, 5:12 PM IST

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗത്തിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലെത്തിയത്. പ്രധാനമന്ത്രിയെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊണ്ടാണ് പിണറായി സംസാരിച്ചത്. അതിനിടയിലാണ് സദസ്സില്‍ നിന്ന് വലിയ തോതിലുള്ള മുദ്രാവാക്യം വിളികളും ശരണംവിളികളും ഉയര്‍ന്നത്.

ഇതോടെ മുഖ്യമന്ത്രി അല്‍പ്പം രോഷത്തോടെ അച്ചടക്കം പാലിക്കണം എന്ന് താക്കീത് ചെയ്തു. വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ പിണറായി അച്ചടക്കം പാലിക്കണമെന്നും ആവശ്യപ്പെട്ടു. 

സംസ്ഥാന സര്‍ക്കാര്‍ വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.  ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങിക്കിടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അതുമായി മുന്നോട്ട് പോവുകയാണ്.  2020 ൽ ജലപാത പൂർണ്ണതയിലത്തിക്കും.

കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ പരാതി പരിഹരിച്ചുവെന്നും മുഖ്യമന്ത്രി കൊല്ലം ദേശീയ പാത ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. കേരളം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു.

അതേസമയം കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ്.  ചില പദ്ധതികള്‍ 30 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. ഇത് ജനങ്ങളോടുള്ള ക്രൂരതയെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.

അതേസമയം മുംബൈ- കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി പ്രസംഗത്തിനിടെ ഉറപ്പ് നല്‍കി. കേരളത്തിന്‍റെ സമ്പദ്ഘടനക്ക് ടൂറിസമാണ് ആധാരം. ഇ വിസ നടപ്പാക്കിയത് ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു.

ബൈപ്പാസ് ഉദ്ഘാടന ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനും റോ‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക പരിപാടിയാണെങ്കിൽ പങ്കെടുക്കുമെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios