സർക്കാരിന്റെ നൂറാം ദിനം, ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയുടെ റേഡിയോ സന്ദേശം. ഭരണനേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തി സംസാരിച്ച മുഖ്യമന്ത്രി, പക്ഷേ പുതിയ പ്രഖ്യാപനങ്ങൾക്ക് മുതിർന്നില്ല.

നൂറു ദിവസത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ മുഖ്യമന്ത്രി തെരഞ്ഞെടുത്തത് റേഡിയോ. ലഹരിക്കെതിരായ ബോധവത്കരണം, ഭക്ഷ്യ സ്വയംപര്യാപ്തത, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി സർക്കാരിന്റെ എല്ലാ സുപ്രധാന പദ്ധതികളും സ്പർശിച്ച് മുഖ്യമന്ത്രിയുടെ നൂറാംദിന സന്ദേശം. തുടക്കം കുട്ടികളിൽ നിന്ന്.. ലഹരിക്കെതിരായ പോരാട്ടത്തിൽ അച്ഛനമ്മമാരുടെ ഉത്തരവാദിത്തം കൂടി മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ജൈവ പച്ചക്കറി കൃഷിക്കും മാലിന്യ നിർമ്മാർജനത്തിനും ഊന്നലെന്നും പറയുന്നു.

വികസനവും ക്ഷേമവും ഒരുമിച്ചുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ പുതിയ പ്രഖ്യാപനങ്ങൾ റേഡിയോ സന്ദേശത്തിൽ ഇടംപിടിച്ചില്ല. നൂറാം ദിനത്തിലെ കത്തെഴുത്ത് പരിപാടി ഉപേക്ഷിച്ച്, കൂടുതൽ ജനകീയമായ റേഡിയോ സന്ദേശത്തിലൂടെ ജനങ്ങളിലേക്ക് നേരിട്ടിറങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.