കാപ്പ, യുഎപിഎ എന്നിവയോട് വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കരുതെന്നാണ് സർക്കാർ നിലപാട്. പൊലീസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം ബിജെപിയുടെയോ യുഡിഎഫിന്റെയോ നയം തുടര്‍ന്നാല്‍ പോലീസിനെ തിരുത്തുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും വ്യക്തമാക്കി.

മാവോയിസ്റ്റ് വേട്ട മുതല്‍ യുഎപിഎ വരെ സംസ്ഥാന പൊലീസിനെതിരെ വന്ന വിമര്‍ശനങ്ങളില്‍ പാര്‍ട്ടിയുടെ സംസ്ഥാന- ദേശീയ നേതൃത്വങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ് തന്റെ നിലപാട് പ്രഖ്യാപിച്ച് പിണറായി വിജയനും രംഗത്തെത്തിയത്. യുഎപിഎ, കാപ്പ തുടങ്ങിവയോട് തനിക്ക് യോജിപ്പില്ലെന്നും പൊലീസിന്റെ നിയന്ത്രണം തനിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് പിണറായി വിജയന്‍ പറഞ്ഞത്.

അതേസമയം യുഎപിഎ ചുമത്തുന്നതില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. യുഎപിഎ ചുമത്താന്‍ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണം. എഫ്ഐആര്‍ തയ്യാറാക്കുമ്പോള്‍ ഉന്നത ഉദ്ദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കണം. യുഎപിഎ ഉപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ഡിജിപിയുടെ സര്‍ക്കുലര്‍ പറയുന്നു. അടുത്തകാലത്ത് ഉണ്ടായ അറസ്റ്റുകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഡിജിപി ഇന്ന് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.