തിരുവനന്തപുരം: സൗമ്യ കേസില്‍ പ്രതി ഗോവിന്ദ സ്വാമിയുടെ കൊലക്കുറ്റം പുന:സ്ഥാപിക്കാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ എജിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏജി വിളിക്കുന്ന യോഗത്തിൽ ഇതുവരെ കേസ് നടത്തിയ അഭിഭാഷകരും പങ്കെടുക്കും. സർക്കാറിനൊപ്പം സൗമ്യയുടെ കുടുംബവും നിയമപോരാട്ടം തുടരും. സൗമ്യയുടെ അമ്മയും സുപ്രീം കോടതിയിൽ റിവ്യു ഹർജി നൽകും.

രാവിലെ സൗമ്യയുടെ അമ്മ സുമതിയും സൗമ്യയുടെ സഹോദരന്‍ സന്തോഷും മുഖ്യമന്ത്രിയെ കണ്ടിരുന്നു. സുപ്രീംകോടതിയിലുണ്ടായ തിരിച്ചടികളെ കുറിച്ചുള്ള ആശങ്കകകളാണ് സൗമ്യയുടെ കുടുംബം മുഖ്യമന്ത്രിയുമായി പങ്കുവച്ചത്.സൗമ്യ നാടിന്റെ മകളാണെന്നും സൗമ്യക്ക് നീതി ലഭിക്കാൻ സർക്കാർ ചെയ്യാവുന്നതൊക്കെ ചെയ്യുമെന്നാണ് അമ്മ സുമതിക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പൊലീസ് ആസ്ഥാനത്ത് എത്തി ഡിജിപിയെയും സൗമ്യയുടെ കുടുംബം കണ്ടു.