അധികാരം കിട്ടിയാല്‍ 24 മണിക്കൂറിനകം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് സിപിഎം നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാന്‍ ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. രാവിലെ 11 മണിക്ക് പ്രകാശ് കാരിട്ടിനൊപ്പം എകെജി സെന്ററിലെത്തിയ സീതാറാം യെച്ചൂരി വിഎസ് അച്യുതാനന്ദനെ വിളിച്ചുവരുത്തി. അഴിമതിക്കെതിരെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാനായി ഒരുവര്‍ഷം മുഖ്യമന്ത്രിപദം തനിക്ക് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി തീരിമാനമെന്ന് സീതാറാം യെച്ചൂരി അറിയിച്ചതോടെ തീരുമാനം ശരിയായില്ലെന്നറിയിച്ച് വിഎസ് മടങ്ങി. പിന്നീട് സംസ്ഥാന സമിതി പിണറായിയുടെ പേര് അംഗീകരിച്ചു.

വിഎസിന്റെ എതിര്‍പ്പ് മനസിലാക്കിയ സീതാറാം യെച്ചൂരി വിഎസിനെക്കൂടി പങ്കെടുപ്പിച്ച് വാര്‍ത്താസമ്മേളനം നടത്തി പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റ് യോഗത്തിലോ സംസ്ഥാന സമിതിയിലോ മറ്റൊരു പേര് ആരും പറഞ്ഞില്ല, ചര്‍ച്ചയും ഉണ്ടായില്ല. സംസ്ഥാന സമിതിയില്‍ പങ്കെടുത്ത വിഎസ് അവിടെ ഒന്നും പറഞ്ഞതുമില്ല. അരമണിക്കൂറിനകം സംസ്ഥാന സമിതി യോഗം അവസാനിച്ചു. ആരെയൊക്കെ മന്ത്രിമാരാക്കണമെന്ന് സിപിഎം മറ്റെന്നാള്‍ തീരുമാനിക്കും. മറ്റെന്നാള്‍ എല്‍ഡിഎഫും യോഗം ചേരും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ ചെയ്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും.