ആരോപണ പെരുമഴയിലും വിജയം കൊയ്ത് പിണറായി സര്‍ക്കാര്‍ സര്‍ക്കാരിനും മുന്നണിക്കും ചെങ്ങന്നൂരിലെ ചരിത്ര വിജയം വലിയ കരുത്താണ് നല്‍കുന്നത്

ചെങ്ങന്നൂര്‍: ആരോപണ പെരുമഴയില്‍ തകര്‍ന്നടിഞ്ഞ് നിന്ന പിണറായി സര്‍ക്കാരിനും മുന്നണിക്കും ചെങ്ങന്നൂരിലെ ചരിത്ര വിജയം വലിയ കരുത്താണ് നല്‍കുന്നത്. പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ ശരീരഭാഷയടക്കം ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പിലെ ജനകീയാംഗീകാരം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി വിജയനും മന്ത്രിമാര്‍ക്കും സമാനതകൾ ഇല്ലാത്ത ആശ്വാസമാകുന്നു.

സര്‍ക്കാരിന്‍റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍, അതിലെ പാളിച്ചകളും പോരായ്മകളും, ആവര്‍ത്തിക്കുന്ന പോലീസ് മര്‍ദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും. ഏറ്റവും കരുത്തനായ നേതാവെന്ന വിശേഷണത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയനെ വല്ലാതെ പ്രതിസന്ധിയിലാക്കിയ സംഭവങ്ങള്‍ക്കിടയിലായിരുന്നു തെരഞ്ഞെടുപ്പ്. ത്രികോണമത്സരത്തിന്‍റെ ചൂടും ചൂരും നിറഞ്ഞ പോരാട്ടത്തില്‍ ഓരോ വോട്ടും നിര്‍ണായകം. 

തോറ്റുപോയാല്‍ പാര്‍ട്ടിയിലും മുന്നണിയിലും പിണറായി വിജയന്‍ തീര്‍ത്തും ഒറ്റപ്പെടുമായിരുന്നു. ശൈലീമാറ്റം മുതല്‍ മന്ത്രിസഭാപുനസംഘടന വരെ ആവശ്യങ്ങളുയരുമായിരുന്നു. തോമസ്ചാണ്ടിയെ അനാവശ്യമായി സംരക്ഷിച്ചുവെന്ന കുറ്റപ്പെടുത്തല്‍ മുതല്‍ കെഎം മാണിയുടെ പിന്നാലെ നടന്നുവെന്ന പരിഹാസം വരെ കേള്‍ക്കേണ്ടി വന്നേനെ.എല്‍ഡിഎഫിനകത്ത് കലാപക്കൊടിഉയരാനും സാധ്യതയുണ്ടായിരുന്നു. 

വരാപ്പുഴ മുതല്‍ കെവിന്‍ വധം വരെയുള്ള സംഭവങ്ങളില്‍ പൊളളിനിന്ന സര്‍ക്കാരിനും മുന്നണിക്കും ഈ വിജയം ചരിത്രനേട്ടമാണ്. നാലാം തീയതി നിയമസഭാസമ്മേളനം തുടങ്ങുകയാണ്. സര്‍ക്കാരിനെ സാധാരണഗതിയില്‍ പ്രതിക്കൂട്ടിലാക്കാന്‍ നിരവധി സംഭവങ്ങളുണ്ട്. പക്ഷേ ഇനി എല്ലാത്തിനും മുകളില്‍ ചെങ്ങന്നൂര്‍ വിജയമായിരിക്കും. ആരോപണ കൊടുങ്കാറ്റുകള്‍ക്ക് മീതെ ഈ വിജയക്കൊടി പാറിക്കാനായിരിക്കും പിണറായി വിജയനും കൂട്ടരും ഇനി ശ്രമിക്കുക.