കഴിഞ്ഞ ദിവസം നല്‍കിയ നാമനിര്‍ദ്ദേശ പത്രികയിലെയും 2011ലെ തെരഞ്ഞെടുപ്പിന് മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെയും വിവരങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ട്രോളുകളും രാഷ്‌ട്രീയ പ്രചാരണവും ശക്തിയാര്‍ജ്ജിക്കുന്നത്. 2011ല്‍ ബിഎ ആയിരുന്നു ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി പികെ ജയലക്ഷ്മി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നത്. എന്നാല്‍ മന്ത്രിക്ക് ബിഎ ബിരുദമില്ലെന്ന് കാണിച്ച് ബത്തേരി സ്വദേശി ജീവന്‍ കോടതിയെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചതോടെ ഇക്കാര്യത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിഎ തോറ്റതാണെന്ന് വ്യക്തമാക്കി, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ആയി രേഖപ്പെടുത്തിയുള്ള പുതിയ സത്യവാങ്മൂലം ഇക്കുറി സമര്‍പ്പിച്ചത്.
വിദ്യാഭ്യാസ യോഗ്യത താഴേക്ക് പോയ മന്ത്രിക്ക് പക്ഷേ ആസ്തിയില്‍ 15 ലക്ഷത്തിലധികം രൂപയുടെ വര്‍ധനവുണ്ട്. ഇത് ഇടതു മുന്നണി പരമാവധി ഉപയോഗിക്കുകയാണ്. ഇതിന് പുറമെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കേസും നിലവിലുള്ളതിനാല്‍ രാഷ്‌ട്രീയ പ്രചാരണത്തിന് പുറമെ നിയമപരമായും പ്രതിസന്ധി ശക്തമാവുകയാണ്. പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ മാനന്തവാടി സബ് കളക്ടര്‍ കേസില്‍ തുടര്‍ നടപടികള്‍ക്ക് അനുമതിയും തേടിയിട്ടുണ്ടെന്നാണ് വിവരം. കേസില്‍ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്.
