കൊച്ചി: പൊമ്പിളെ ഒരുമൈ സമരത്തെക്കുറിച്ചടക്കം മന്ത്രി എംഎം മണി നടത്തിയ വിവാദപരാമർശങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തണം എന്ന ഹർജി ഹൈക്കോടതി തള്ളി. സദാചാര പൊലീസാകാൻ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച് വ്യക്തമാക്കി. കേസ് തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
മൂന്നാറിൽ പൊമ്പിളെ ഒരുമൈ നടത്തിയ സമരത്തെക്കുറിച്ചും ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ കുറിച്ചും മന്ത്രി എംഎം മണി നടത്തിയ വിവാദപരാമർശങ്ങളിൽ കേസെടുക്കണമെന്ന ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മോശമായ വാക്കുകൾ ഉപയോഗിക്കുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ് എന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച് ഹർജി തള്ളിയത്.
കോടതിക്ക് ആരുടെയും സ്വഭാവം മാറ്റാനാകില്ല. സ്ത്രീവിരുദ്ധ പരാമർശമുണ്ടെങ്കിൽ വനിതാകമ്മീഷനെ സമീപിക്കാം. സദാചാര പൊലീസാകാൻ കോടതി ആഗ്രഹിക്കുന്നില്ല. ഒരാളുടെ ധാർമ്മികതയെ പറ്റിയും കോടതി പറയുന്നില്ല. മന്ത്രിക്ക് പെരുമാറ്റച്ചട്ടം വേണോ എന്ന് നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. പെരുമാറ്റച്ചട്ടം ഉണ്ടാകുന്നത് നല്ലതാണ്.
ഇത്രയും പരാതികളുണ്ടെങ്കിൽ ജനം എന്തുകൊണ്ട് മണിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചെന്ന് കോടതി ചോദിച്ചു. ഹർജി തള്ളിയെങ്കിലും മണിയുടെ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. വിദേശ മലയാളിയായ ജോസഫ് ഷൈനും തൃശൂര്‍ സ്വദേശിയായ ജോര്‍ജ്ജ് വട്ടുകുളവുമാണ് മണിക്കെതിരെ കോടതിയെ സമീപിച്ചത്. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും സത്യം ജയിച്ചെന്നും മന്ത്രി എംഎം മണി പ്രതികരിച്ചു.
