ഹര്‍ജി നല്‍കിയത് ബോംബെ ലോയേഴ്സ് അസോസിയേഷന്‍  വേനലവധിക്ക് ശേഷം ഹര്‍ജി പരിഗണിക്കും  കേസില്‍ നീതി നടപ്പായെന്ന് കരുതുന്നില്ലെന്ന് ഹര്‍ജിക്കാര്‍ 

ദില്ലി: സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിനെതിരെ സുപ്രീംകോടതിയില്‍, പുനപരിശോധന ഹര്‍ജി നല്‍കി. ബോംബെ ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കും 

ഹര്‍ജിക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ശേഷം കഴിഞ്ഞ മാസം 19 നാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് , ഹര്‍ജികള്‍ തള്ളിയത്. ചീഫ് ജസ്റ്റിസ് ,ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാ‍ന്‍ വില്‍ക്കര്‍, ജസിറ്റിസ് ഡി വൈ ചന്ദ്രചൂഢ് എന്നിവരായിരുന്നു ബെഞ്ചിലുണ്ടായിരുന്നത്.

സദുദ്ദേശത്തോടെയല്ല ഹര്‍ജികള്‍ നല്‍കിയത്. ജഡ്ജി ലോയയുടേത് സ്വാഭാവിക മരണം ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ഹൃദയസതംഭനമാണ് മരണകാരണം. സംശയത്തിന് അടിസ്ഥാനമില്ല. നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്തുക മാത്രമാണ് ഹര്‍ജിക്കാരുടെ ഉദ്ദേശം.

ജഡ്ജി ലോയയുടെ കൂടെയുണ്ടായിരുന്ന മൂന്ന് ജഡ്ജിമാരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടാതണ്. എന്നാല്‍ തല്‍ക്കാലം അതിന് മുതിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് സുപ്രീംകോടതി ഹര്‍ജികള്‍ തള്ളിയത്.

എന്നാല്‍ കേസിന്‍റെ സ്വാഭവം പരിഗണിക്കുമ്പോള്‍ നീതി നടപ്പായെന്ന് കരുതുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോബെ ലോയേഴ്സ് അസോസിയേഷന്‍ വീണ്ടും കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊതുതാല്‍പ്പര്യത്തിന് ഗുണകരമല്ല വിധിയെന്നും ഹര്‍ജിയില്‍ പറയുന്നു.

2014 ഡിസംബറിലാണ് ജ്ഡജി ലോയ, ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായ ,സൊറാബൂദ്ദീന്‍ ഷെയ്ക്ക് വധക്കേസില്‍ വിചാരണ നടക്കവേയായിരുന്നു സംഭവം. പിന്നീട് ചുമതലയേറ്റ ജഡ്ജി, അമിത്ഷായെ കുറ്റവിമുക്തനാക്കി. ഏഷ്യാനെറ്റ് ന്യൂസ് ദില്ലി